ഹരിപ്പാട്: വാഹന ഉടമ അപകടത്തില്‍ മരിച്ചാലുള്ള ഇന്‍ഷുറന്‍സ് കവറേജ് രണ്ടു ലക്ഷത്തില്‍നിന്ന് 15 ലക്ഷം രൂപയാക്കി ഉയര്‍ത്തി. തേഡ് പാര്‍ട്ടി പ്രീമിയത്തില്‍ എല്ലാത്തരം വാഹനങ്ങളുടെയും ആര്‍.സി. ഉടമകള്‍ക്ക് ഉയര്‍ന്ന കവറേജിന് അര്‍ഹതയുണ്ടാകും.

അപകടസമയത്ത് മറ്റൊരാളാണ് വാഹനമോടിച്ചിരുന്നതെങ്കിലും ഉടമയ്ക്ക് ആനുകൂല്യം ലഭിക്കും. ഉടമയ്ക്ക് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണമെന്നുമാത്രം. ഈ തുക നഷ്ടപരിഹാര കേസ് തീര്‍പ്പാകുന്നതിനുമുമ്പേ ആശ്രിതര്‍ക്ക് ലഭിക്കും.

മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നതെങ്കില്‍, ഇടിക്കുന്ന വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യവും ലഭിക്കും. ഉടമയ്ക്കുപകരം വാഹനം ഓടിച്ചയാള്‍ അപകടത്തില്‍ മരിച്ചാല്‍ കോടതി നിര്‍ദേശിക്കുന്ന ആനുകൂല്യമേ ലഭിക്കൂ.

ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ്‌ െഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആര്‍.ഡി.എ.ഐ.)യുടേതാണ് ഉത്തരവ്. അധിക കവറേജിനായി പ്രീമിയം തുകയില്‍ വര്‍ഷം 750 രൂപയുടെ വര്‍ധനയും നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലുള്ള പോളിസികള്‍ പുതുക്കുമ്പോള്‍ ഈ നിബന്ധന നിലവില്‍വരും.

ഇരുചക്രവാഹന ഉടമകള്‍ക്ക് ഒരു ലക്ഷവും മറ്റു വാഹനങ്ങള്‍ക്കെല്ലാം രണ്ടു ലക്ഷവുമായിരുന്നു നിലവില്‍ കവറേജ്. തേഡ് പാര്‍ട്ടി പ്രീമിയത്തിനൊപ്പമുള്ള പാക്കേജ് പോളിസികളില്‍ ഉയര്‍ന്ന നിരക്ക് ലഭ്യമായിരുന്നെങ്കിലും ഇതിന് കൂടുതല്‍ പ്രീമിയം നല്‍കേണ്ടിയിരുന്നു.

വഴിത്തിരിവായത് മദ്രാസ് ഹൈക്കോടതി വിധി

തേഡ് പാര്‍ട്ടി പ്രീമിയങ്ങളിലെ വാഹന ഉടമയ്ക്കുള്ള ഇന്‍ഷുറന്‍സ് സംരക്ഷണം 15 ലക്ഷമായി ഉയര്‍ത്താന്‍ കഴിഞ്ഞ ഒക്ടോബര്‍ 26-ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറുക, തെന്നിമറിഞ്ഞ് അപകടത്തില്‍പ്പെടുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഉടമയാണ് ഡ്രൈവറെങ്കില്‍ അനുവദിക്കുന്ന തുക വളരെ കുറവാണെന്ന് കാണിച്ച് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരായി നല്‍കിയ കേസിലായിരുന്നു ഉത്തരവ്.

സ്വകാര്യ വാഹനങ്ങള്‍ക്ക് വലിയ ബാധ്യത

പുതിയ സ്വകാര്യ കാറുകള്‍ക്ക് മൂന്നുവര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെയും ഇന്‍ഷുറന്‍സ് പ്രീമിയം മുന്‍കൂറായി അടയ്ക്കണം. ഇത് വലിയ ബാധ്യതയുണ്ടാക്കും. എന്നാല്‍, മറ്റു വാഹനങ്ങള്‍ക്ക് വര്‍ഷത്തില്‍ 750 രൂപയുടെ അധികബാധ്യത മാത്രമാണുണ്ടാവുക. ഇന്‍ഷുറന്‍സ് സംരക്ഷണം രണ്ടു ലക്ഷത്തില്‍നിന്ന് 15 ലക്ഷമായി ഉയരുമെന്ന മെച്ചവുമുണ്ട്. 

Content Highlights; Mandatory personal accident cover for vehicle owners raised to 15 lakh