സെപ്റ്റംബര്‍ ഒന്നുമുതല്‍ ട്രാഫിക് നിയമങ്ങള്‍ പിടിമുറുക്കുമെന്ന് കൂട്ടുകാരെ ഓര്‍മിപ്പിക്കാനായി വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടപ്പോഴും ആദ്യപണി തനിക്കുതന്നെ വരുമെന്ന് പാവം കരുതിയില്ല.

തിങ്കളാഴ്ച ഉച്ചയോടെ തന്റെ ഇരുചക്രവാഹനമെടുത്ത് കറങ്ങിയ ചെറുപ്പക്കാരനെ ട്രാഫിക് പോലീസ് പൊക്കിയപ്പോള്‍ ഹെല്‍മെറ്റ് ഉണ്ടായിരുന്നില്ല.

'പൊന്നുസാറേ മറന്നുപോയതാ' കാലുപിടിച്ചു തടിയൂരാന്‍ നോക്കി.'ദേ നോക്ക് സാറെ രാവിലെ ഞാന്‍ ഇക്കാര്യം വാട്സാപ്പില്‍ സ്റ്റാറ്റസും ഇട്ടിരുന്നു' -മൊബൈലും കാണിച്ചു. പക്ഷേ, പഴയ ഫൈന്‍ നിലവിലില്ലാത്തതിനാല്‍ ഒരു വിട്ടുവീഴ്ചയ്ക്കും പോലീസ് തയ്യാറായില്ലെന്ന് മാത്രമല്ല പുതിയ നിയമപ്രകാരം പിഴയും ഈടാക്കി.

പരിഷ്‌കരിച്ച ട്രാഫിക് നിയമം നിലവില്‍വന്ന ഞായറാഴ്ച ജില്ലയില്‍ വിവിധയിടങ്ങളില്‍ പോലീസ് പരിശോധന നടത്തി. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുകയാണുണ്ടായത്. കാസര്‍കോട് ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.

കാസര്‍കോട് എം.ജി. റോഡ്, മൊഗ്രാല്‍, ചൗക്കി, എയര്‍ലൈന്‍സ് റോഡ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പ്രധാനമായും ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, ലൈസന്‍സ്, അമിതഭാരം, തുടങ്ങിയവയാണ് പരിശോധിച്ചത്.

ഇരുചക്രവാഹനക്കാരില്‍ ഭൂരിഭാഗം പേരുടെ കൈവശം ഹെല്‍മെറ്റ് ഉണ്ടായിരുന്നെങ്കിലും ആരും ധരിച്ചിരുന്നില്ലെന്നും വരുംദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.

Content Highlights: Man Held For Violating Traffic Rule