പ്രതീകാത്മക ചിത്രം
ഇലക്ട്രിക് സ്‌കൂട്ടറിന് അനുവദിക്കപ്പെട്ട വേഗപരിധി 25 കി.മീ. എന്നാല്‍, സൂത്രപ്പണിയിലൂടെ കച്ചവടക്കാര്‍ ക്രമീകരിക്കുന്ന വേഗം അതിലുമേറെ. മഫ്തിയിലെത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഒരു ഷോറൂമിലെ തട്ടിപ്പ് നേരിട്ട് കണ്ടറിഞ്ഞു. പിന്നാലെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തും സംഘവും ഷോറൂമിലെത്തി. തട്ടിപ്പ് ൈകയോടെ ബോധ്യപ്പെട്ടതോടെ ഷോറൂം പൂട്ടാനുള്ള നോട്ടീസ് നല്‍കാന്‍ കമ്മിഷണര്‍ എറണാകുളം ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന് നിര്‍ദേശം നല്‍കി.
എസ്.എസ്.എല്‍.സി. പരീക്ഷജയിച്ച മകള്‍ക്ക് സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാനെത്തിയ രക്ഷിതാവായാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷോറൂമില്‍ എത്തിയത്. വണ്ടി ട്രയല്‍റണ്‍ നടത്തിയപ്പോള്‍ വേഗം 25 കിലോമീറ്ററിന് താഴെ. ''സ്പീഡ് കുറവാണല്ലോ' എന്ന ചോദ്യത്തിന് അത് കൂട്ടാം, സൂത്രപ്പണി ചെയ്താല്‍ മതി' എന്നായിരുന്നു മറുപടി. വണ്ടിയില്‍ 'എന്തോ' ചെയ്ത് ഓടിച്ചപ്പോള്‍ വേഗം 35 കിലോമീറ്റായി ഉയര്‍ന്നു. ഇതിനുപിന്നാലെയാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്.
250 വാട്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ 1000 വാട്ടിന് അടുത്ത് പവര്‍കൂട്ടി വില്‍പ്പന നടത്തുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷോറൂമില്‍ ഗതാഗതവകുപ്പിന്റെ ഉന്നതസംഘം മിന്നല്‍ പരിശോധന നടത്തിയത്. ഇതു നേരില്‍ക്കണ്ട് ബോധ്യപ്പെടാന്‍ മഫ്തിയില്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ ഉദ്യോഗസ്ഥനെ വിട്ടു. കസ്റ്റഡിയിലെടുത്ത് റോഡില്‍ ഓടിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വേഗം ഇന്റര്‍സെപ്റ്റര്‍ വാഹനത്തിലെ റഡാറില്‍ പരിശോധിച്ചപ്പോഴാണ് 35 മുതല്‍ 45 കിലോമീറ്റര്‍ വരെ ഉള്ളതായി കണ്ടെത്തിയത്.
പരിശോധന നടത്തിയ കൊച്ചിയിലെ രണ്ട് ഷോറുമുകളിലും വില്‍പ്പനയ്ക്ക് െവച്ചിരിക്കുന്ന വാഹനങ്ങളില്‍ കൃത്രിമം നടത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സംസ്ഥാനവ്യാപകമായി പരിശോധനയ്ക്ക് തുടക്കമിട്ടിട്ടുണ്ടെന്നും വെള്ളിയാഴ്ച ചില ജില്ലകളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറില്‍ കൃത്രിമം കണ്ടെത്തിയിട്ടുണ്ടന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പറഞ്ഞു. നിര്‍മാണംമുതല്‍ വില്‍പ്പന വരെയുള്ള ഏത് ഘട്ടത്തിലാണ് വാഹനങ്ങളില്‍ കൃത്രിമം വരുത്തിയതെന്ന് കണ്ടെത്താന്‍ പോലീസ് സഹായത്തോടെ അന്വേഷണം നടത്തുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവന്‍, എറണാകുളം ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ.ആര്‍. രാജേഷ്, റെജി വര്‍ഗീസ്, എന്‍. വിനോദ് കുമാര്‍, അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവരും കമ്മിഷണര്‍ക്കൊപ്പമുണ്ടായിരുന്നു.
'ഈ' സ്‌കൂട്ടറിന് രജിസ്ട്രേഷന്‍, ലൈസന്‍സ്, ഹെല്‍മെറ്റ് വേണ്ട
ആര്‍.ടി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ട, ഓടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല, ഹെല്‍മെറ്റ് വേണ്ട, റോഡ് ടാക്‌സ് ഉള്‍പ്പെടെ ഒന്നും അടയ്‌ക്കേണ്ട. 250 വാട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഇളവുകളാണിത്. പക്ഷേ, ഈ വാഹനങ്ങളിലെ ഉയര്‍ന്ന വേഗം 25 കിലോമീറ്റര്‍ മാത്രമായിരിക്കണം. എന്നാല്‍, നിറയെ ആനുകൂല്യങ്ങള്‍ വാങ്ങിയിട്ട് ഡീലര്‍മാര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിറ്റിരുന്നത് സാധാരണ ഒരു സ്‌കൂട്ടര്‍ ഓടിക്കുന്ന മിനിമം വേഗമായ 40 കിലോമീറ്ററില്‍ ഇത് ഓടിക്കാമെന്നു പറഞ്ഞായിരുന്നു.
ഇതിന് തെളിവാണ് തങ്ങള്‍ മഫ്തിയില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ചതെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വണ്ടിയുടെ മോട്ടോറിലാണ് വേഗം കൂട്ടാനും കുറയ്ക്കാനുമുള്ള ലോക്ക് ഘടിപ്പിച്ചിട്ടുള്ളത്. വേഗംകൂട്ടാന്‍ ഇതിനായി വണ്ടിയില്‍ പ്രത്യേക സ്വിച്ച് ഘടിപ്പിച്ചിട്ടുണ്ട്. മൂന്നുതരത്തിലാണ് സ്‌കൂട്ടറിന്റെ വേഗം കൂട്ടുന്നത്. ആദ്യ മോഡില്‍ ഇട്ടാല്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ മാത്രം ഓടും. രണ്ടാമത്തെ മോഡില്‍ 32 കിലോ മീറ്റര്‍, മൂന്നാം മോഡില്‍ 40-ന് മുകളില്‍ കിട്ടും. ഇത്തരത്തിലുള്ള പ്രത്യേക സ്വിച്ചാണ് ഇവര്‍ ക്രമീകരിച്ചിരിക്കുന്നത്.
Content Highlights: malpractices for increase electric scooter speed, MVD Kerala, Transport commissioner
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..