ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഗ്ലോബല്‍ ടെക്‌നീഷ്യന്‍ പുരസ്‌കാരം മലയാളിയായ സജീഷ് കുമാറിന്. കൊച്ചിയിലെ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) ഉടമസ്ഥതയിലുള്ള മുത്തൂറ്റ് മോട്ടോഴ്‌സിലെ ടെക്‌നീഷ്യനാണ് സജീഷ് കുമാര്‍. യുകെയിലെ ഫെന്‍ എന്‍ഡില്‍ നടന്ന ചടങ്ങിലാണ് കമ്പനി അവാര്‍ഡ് കൈമാറിയത്. ഏകദേശം മൂന്ന് ലക്ഷം രൂപ വിലവരുന്ന ടൂള്‍ കിറ്റും പണവും അടങ്ങിയതാണ് പുരസ്‌കാരം. ജപ്പാനില്‍ നടക്കുന്ന 2019 റഗ്ബി ലോകകപ്പിന്റെ ഭാഗമാകാന്‍ അവസരവും സജീഷിന് ലഭിക്കും. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍  ശൃംഖലകളില്‍ നിന്നും സാങ്കേതിക വിദഗ്ദ്ധന്‍മാര്‍ മാറ്റുരക്കുന്ന സാങ്കേതിക  വൈദഗ്ധ്യ വാര്‍ഷിക മത്സരമാണ് ഗ്ലോബല്‍ ടെക്‌നീഷ്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. 30 രാജ്യങ്ങളില്‍ നിന്നുള്ള 16,000 മത്സരാര്‍ത്ഥികളെ മറികടന്നാണ് സജീഷ് കുമാര്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. സാങ്കേതിക വിജ്ഞാനവും വൈദഗ്ധ്യവും ഉയര്‍ന്ന അളവില്‍ പ്രകടമാക്കുന്ന മത്സരത്തില്‍ പവര്‍ട്രെയിന്‍, ഇലക്ട്രിക്കല്‍, പ്രൊസീജിയര്‍, ചേസിസ്, നോളജ് തുടങ്ങിയ അഞ്ച് കാര്യങ്ങളില്‍ ആണ് കഴിവുകള്‍ പരിശോധിക്കപ്പെട്ടത്. ഒരുമണിക്കൂര്‍ സമയപരിധിക്കുള്ളില്‍ ഒരു വാഹനത്തിന്റെ പ്രശ്‌ന പരിഹാരം സാധ്യമാക്കുന്നതായിരുന്നു അവസാനഘട്ട മത്സരം.

മുത്തൂറ്റ് മോട്ടോര്‍സ് ടീം അംഗമായ സജീഷ്‌കുമാര്‍ നേടിയ ഈ ബഹുമതി അഭിമാനകരവും സന്തോഷകരവുമാണെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടറും, മുത്തൂറ്റ് മോട്ടോര്‍സ് മാനേജിങ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും മികച്ച ടെക്‌നീഷ്യനായി സജീഷ് നേടിയ ഈ അംഗീകാരം,  വിജ്ഞാനം, വൈദഗ്ദ്ധ്യം, ഉപഭോക്തൃ സംതൃപ്തി എന്നിവ ലക്ഷ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ എല്ലാ ജീവനക്കാര്‍ക്കും പ്രചോദനം നല്‍കുന്നതാണും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights; Malayali technician wins Jaguar Land Rover global award