പ്രളയത്തില്‍ കേടുപാടുകള്‍ പറ്റിയ വാഹനങ്ങള്‍ നിരത്തിലിറക്കണമെങ്കില്‍ പണമേറേ വേണ്ടി വരും. പുതിയ സ്‌പെയര്‍പാര്‍ട്‌സുകളുടെ ഉയര്‍ന്ന വിലയും ഉയര്‍ന്ന നികുതിയുമാണ് കാരണം. 28 ശതമാനമാണ് വാഹനങ്ങളുടെ 90 ശതമാനം സ്‌പെയര്‍പാര്‍ട്‌സുകള്‍ക്കും നികുതി. ഈയിടെ സ്‌പെയര്‍പാര്‍ട്‌സുകളുടെ വില ഉയരുകയും ചെയ്തിരുന്നു.

ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്കുന്നത് വാഹനഭാഗങ്ങളുടെ തേയ്മാനം കിഴിച്ചുള്ള ചുരുങ്ങിയ തുകയാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ അനുവദിച്ചുതരുന്ന തുകയുടെ ഇരട്ടിയോളം വേണ്ടിവരും പുതിയ സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങാന്‍. 

കമ്പനികള്‍ നിയമപ്രകാരമുള്ള തുക കുറച്ച് നല്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ വാഹന സര്‍വീസ് സെന്ററുകളാകട്ടെ വാഹനഭാഗങ്ങള്‍ക്ക് നികുതിയോടൊപ്പമുള്ള തുകയും പണിക്കൂലിയും സര്‍വീസ് ചാര്‍ജും ലാഭവും ഉള്‍പ്പെടുത്തിയാണ് ബില്ലിടുന്നത്.

തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രം എടുത്തിട്ടുള്ളവരുടെ വാഹനങ്ങളും ഏറെ പ്രളയത്തില്‍പ്പെട്ടു. ഇവര്‍ക്കാകട്ടെ വാഹനനഷ്ടത്തിനുള്ള ഇന്‍ഷുറന്‍സ് തുക കിട്ടുകയുമില്ല. 

ചില അംഗീകൃത സര്‍വീസ് സെന്ററുകള്‍ സൗജന്യ സര്‍വീസും ഓയില്‍ മാറ്റിക്കൊടുക്കലും വാഹനഭാഗങ്ങള്‍ക്ക് പകുതി വിലയും തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും വലിയൊരു തുകയില്ലാതെ വാഹനങ്ങള്‍ നന്നാക്കിയെടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്.