കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര. ആശുപത്രികളില്‍ ഓക്ജിന്‍ എത്തിക്കുന്നതിനായി മഹാരാഷ്ട്രയില്‍ മഹീന്ദ്ര ആരംഭിച്ച ഒക്‌സിജന്‍ ഓണ്‍ വീല്‍ സംവിധാനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചതായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അറിയിച്ചു.

മഹാരാഷ്ട്രയ്ക്ക് പുറമെ, ഡല്‍ഹി, പഞ്ചാബ്, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ മേഖലകളിലെ എട്ടോളം നഗരങ്ങളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ പല സ്ഥാലങ്ങളിലും ആശുപത്രികളിലേക്കുള്ള ഓക്‌സിജന്‍ ഗതാഗതത്തില്‍ നേരിടുന്ന താമസം കണക്കിലെടുത്താണ് ഓക്‌സിജന്‍ ഓണ്‍ വീല്‍സ് എന്ന സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന് മഹീന്ദ്ര ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. 

മഹീന്ദ്ര ലോജസ്റ്റിക്‌സിന്റെ നേതൃത്വത്തിലുള്ള ഒക്‌സിജന്‍ ഓണ്‍ വീല്‍സ് സംവിധാനം ചെന്നൈയിലാണ് ഏറ്റവുമൊടുവില്‍ ആരംഭിച്ചിരിക്കുന്നത്. ഇതുവഴി ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും അതിവേഗം ഓക്‌സിജന്‍ എത്തിക്കാന്‍ സാധിക്കും. നിലവില്‍ എട്ട് നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭം വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറച്ചു. 

ഇതിനോടകം എട്ട് നഗരങ്ങളിലെ ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലുമായി 23000 ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് നല്‍കിയിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളില്‍ തുടര്‍ന്നും സിലിണ്ടറുകള്‍ എത്തിക്കാന്‍ മഹീന്ദ്ര സന്നദ്ധമാണെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിലുടെ അറിയിച്ചിട്ടുണ്ട്. 100 വാഹനങ്ങളാണ് ഒക്‌സിജന്‍ ഓണ്‍ വീല്‍സിന്റെ ഭാഗമായി ഓടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഓക്സിജന്‍ ഓണ്‍ വീല്‍സ് സംവിധാനം കാര്യക്ഷമമായി നടത്തുന്നതിനായി ഒരു ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററും മഹീന്ദ്ര ആരംഭിച്ചിരുന്നു.  ഇതിനടുത്തുള്ള റീഫില്ലിങ്ങ് പ്ലാന്റില്‍ നിന്ന് ഓക്സിജന്‍ നിറയ്ക്കാനാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ മുഖേന രാജ്യം മുഴുവല്‍ ഈ പദ്ധതി വ്യാപിപ്പിക്കുമെന്നാണ് ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം അറിയിച്ചത്.

Content Highlights: Mahinra Implement Oxygen On Wheel Initiative In 8 City Across India