ന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ച ലൈഫ് സ്റ്റൈല്‍ എസ്.യു.വി. വാഹനമായ ഥാര്‍ ലേലം ചെയ്തു. ബഹ്‌റിനിലുള്ള പ്രവാസി വ്യവസായിയായ അമല്‍ മുഹമ്മദ് അലിയാണ് ഈ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ ലിമിറ്റഡ് എഡിഷന്‍ ഥാര്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്. 15.10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ഈ വാഹനം ലേലത്തില്‍ പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, വാഹനത്തിന്റെ ലേലം അവസാനിച്ചതിന് പിന്നാലെ വാഹനം കൈമാറുന്നതില്‍ സങ്കീര്‍ണതയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ബി. മോഹന്‍ദാസ് അറിയിച്ചു. 25 ലക്ഷം രൂപയ്ക്ക് വാഹനം വാങ്ങാനെത്തിയ ആള്‍ 15.10 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കി. ഈ ലേലം അംഗീകരിക്കുന്നത് ഭരണസമിതിയുടെ അഭിപ്രായം തേടിയ ശേഷമായിരിക്കുമെന്നാണ് അദ്ദേഹം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.

ലേലത്തില്‍ വാഹനം നേടിയ ശേഷം വാഹനം 25 ലക്ഷം രൂപയ്ക്കും വാങ്ങാന്‍ ഒരുക്കമായിരുന്നു എന്ന് അമലിന്റെ പ്രതിനിധിയായി എത്തിയ ആള്‍ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് ദേവസ്വം വാഹനം വിട്ടുനല്‍കാന്‍ വിമുഖത കാണിച്ചിട്ടുള്ളത്. എന്നാല്‍, ദേവസ്വം സ്വീകരിച്ചിട്ടുള്ള നിലപാട് ശരിയല്ലെന്നാണ് വാഹനം ലേലത്തില്‍ പിടിച്ച വ്യക്തി അറിയിച്ചിട്ടുള്ളത്. ഭരണസമിതി യോഗം ചേര്‍ന്ന ശേഷമായിരിക്കും ഇനി ലേലം അംഗീകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ.

മഹീന്ദ്ര കാണിക്കയായി നല്‍കിയ ഈ വാഹനം ലേലത്തില്‍ വയ്ക്കുമെന്നും കഴിഞ്ഞ ആഴ്ച ഗുരുവായൂര്‍ ദേവസ്വം അറിയിച്ചിരുന്നു. 15 ലക്ഷം രൂപയാണ് ഈ വാഹനത്തിന് മുഖവിലയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ലേലത്തില്‍ വേറെ ആളുകള്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് 15.10 ലക്ഷം രൂപയ്ക്ക് അമല്‍ മുഹമ്മദ് അലി ഈ വാഹനം സ്വന്തമാക്കുകയായിരുന്നു. എന്നാല്‍, ജി.എസ്.ടി. ഉള്‍പ്പെടെ അദ്ദേഹം 18 ലക്ഷം രൂപ അടയ്‌ക്കേണ്ടി വരും.

ഡിസംബര്‍ ആദ്യ വാരമാണ് മഹീന്ദ്ര ഈ വാഹനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കായായി നല്‍കിയത്. ഇന്ത്യയിലെ വാഹന വിപണിയില്‍ തരംഗമായി മാറിയ ഥാര്‍ എസ്.യു.വിയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് നിര്‍മാതാക്കള്‍ ഗുരുവായൂരപ്പന് കാണിക്കായി സമര്‍പ്പിച്ചത്. ചുവപ്പ് നിറത്തിനൊപ്പം ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിലുമാണ് മഹീന്ദ്ര കാണിക്കയായി നല്‍കിയ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഒരുക്കിയിരുന്നതെന്നാണ് വിവരം.

Content Highlights: Mahindra Thar, Guruvayur Temple, Thar Auctioned By Guruvayur Temple