കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കൊച്ചിയില്‍ ഥാര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. രാജ്യമെമ്പാടുമുള്ള മഹീന്ദ്ര ഥാര്‍ വാഹന ഉടമകളുടെയും ആരാധകരുടെയും സംഗമവേദിയാകുന്ന ഥാര്‍ ഫെസ്റ്റിന്റെ മൂന്നാം പതിപ്പ് മാര്‍ച്ച് പത്തിനാണ് നടക്കുക. രാജ്യാന്തര വിമാനത്താവളത്തിനു സമീപത്തെ സിയാല്‍ കണ്വന്ഷന് സെന്ററാണ് വേദി.
രാജ്യത്തെ ഏറ്റവും മികച്ച ഓഫ് റോഡ് മത്സരങ്ങളിലൊന്നായ ക്ലബ് ചലഞ്ചും ഥാര്‍ ഫെസ്റ്റിനൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഓഫ് റോഡ് മല്‍സരങ്ങളും ഥാറുമായി ബന്ധപ്പെട്ട വിവിധ മല്‍സരങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഥാര്‍ പരേഡ്, ഫോര്‍ വീല്‍ ഡ്രൈവ് എക്സ്പീരിയന്‍സ് സോണ്‍, മഹീന്ദ്രയുടെ പാരമ്പര്യം വെളിവാക്കുന്ന പ്രദര്‍ശനം, കസ്റ്റമൈസ് ചെയ്ത വാഹനങ്ങളുടെ പ്രദര്‍ശനം തുടങ്ങി ലൈവ് മ്യൂസിക് ഷോ വരെ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ക്ലബ് ചലഞ്ച് മത്സരത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 11 ഓഫ്റോഡ് ക്ലബുകള്‍ പങ്കെടുക്കും. ബാംഗ്ലൂര്‍ ഓഫ് റോഡ് ഡ്രൈവേഴ്സ് അസോസിയേഷന്, ടീം ഇജംസ, എക്സ്ട്രീം റൈഡേഴ്സ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ് ഓഫ് മേഘാലയ, കേരള അഡ്വെഞ്ച്വര്‍ സ്പോര്‍ട്സ് ക്ലബ്, കോട്ടയം ജീപ്പേഴ്സ്, ആര് ആന്‍ഡ് ടി ഓട്ടോകാറ്റലിസ്റ്റ്, ടീം ഫ്ളൈവീല്‍, കണ്ണൂര്‍ റൈഡേഴ്സ് ആന്‍ഡ് ഓഫ് റോഡേഴ്സ്, കണ്ണൂര്‍ ജീപ്പേഴ്സ്, നോര്‍ത്തേണ്‍ ഇന്ത്യ ഓഫ് റോഡ് ക്ലബ് എന്നിവ അതില്‍ പെടുന്നു. മത്സരവിജയിയ്ക്ക് ബെസ്റ്റ് ഓഫ്റോഡിങ് ക്ലബ് പുരസ്കാരം ലഭിക്കും.
ഥാര്‍ ഫെസ്റ്റിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ www.mahindraadventure.com/TharFest എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Content HIghlights; Mahindra thar fest and club challenge