കോവിഡ് മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തില്‍ നേരിടുന്ന ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ആശുപത്രികളില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനായി ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സംവിധാനമാണ് മഹീന്ദ്ര ഗ്രൂപ്പ് ഒരുക്കിയിട്ടുള്ളത്. മഹാരാഷ്ട്രയിലെ ആശുപത്രികളില്‍ അതിവേഗം ഓക്‌സിജന്‍ സിലണ്ടറുകള്‍ എത്തിക്കുന്നതിനായാണ് പദ്ധതി ആരംഭിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

"ഓക്‌സിജന്റെ അഭാവമല്ല ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം. അത് ആവശ്യമായ സമയത്ത് കോവിഡ് രോഗികളില്‍ എത്തിക്കാന്‍ സാധിക്കാത്തതാണ്." അതുകൊണ്ടാണ് മഹീന്ദ്ര ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സംവിധാനം ഒരുക്കിയിട്ടുള്ളതെന്നാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ലോജസ്റ്റിക്‌സ് വിഭാഗത്തിനായിരിക്കും ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സംവിധാനത്തിന്റെ നടത്തിപ്പ് ചുമതലയെന്നും ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ട്വിറ്ററിലൂടെ അറിയിച്ചു.

ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സംവിധാനം കാര്യക്ഷമമായി നടത്തുന്നതിനായി ഒരു ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനടുത്തുള്ള റീഫില്ലിങ്ങ് പ്ലാന്റില്‍ നിന്ന് ഓക്‌സിജന്‍ നിറയ്ക്കാനാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഓക്‌സിജന്‍ ആശുപത്രികളിലും വീടുകളിലും എത്തിക്കുന്നതിനായി മഹീന്ദ്രയുടൈ 20 ബൊലേറൊകളാമ് ഒരുക്കിയിട്ടുള്ളത്. മഹീന്ദ്രയുടെ ഈ പദ്ധതി മഹാരാഷ്ട്ര മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ആനന്ദ് മഹീനന്ദ്ര അറിയിച്ചു.

ഇതിനുപുറമെ, അടിയന്തിരമായി ഓക്‌സിജന്‍ ആവശ്യമുള്ള മഹാരാഷ്ട്രയിലെ 13 ആശുപത്രികള്‍ക്കായി 61 ജംബോ സിലിണ്ടറുകള്‍ നല്‍കി കഴിഞ്ഞതായും മഹീന്ദ്ര അറിയിച്ചു. ഓക്‌സിജന്‍ ഓണ്‍വീല്‍സ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തിനുള്ളില്‍ 50 മുതല്‍ 75 പിക്ക് അപ്പുകള്‍ വരെ ലഭ്യമാക്കുമെന്നും ആനന്ദ് മഹീന്ദ്ര ഉറപ്പുനല്‍കിയിട്ടുണ്ട്. മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ വഴി ഈ പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് മഹീന്ദ്രയുടെ ശ്രമം.

Content Highlights: Mahindra Starts Oxygen On Wheels To Help Corona Virus Affected People