ബെംഗളൂരുവിൽ നടന്ന സാഹസിക ക്ലബ്ബ് ചാലഞ്ചിൽനിന്ന്.
ഓഫ് റോഡിങ് രംഗത്ത് രാജ്യത്തെ ഏറ്റവുംവലിയ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഒന്നായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സാഹസിക ക്ലബ്ബ് ചലഞ്ചില്‍ വയനാടന്‍ തേരോട്ടം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ബെംഗളൂരുവില്‍ സംഘടിപ്പിച്ച ഓഫ് റോഡ് സാഹസിക ക്ലബ്ബ് ചലഞ്ചിന്റെ അഞ്ചാംപതിപ്പില്‍ വയനാട്ടിലെ പ്രമുഖ ഓഫ് റോഡിങ് ക്ലബ്ബായ വയനാട് ജീപ്പേഴ്‌സ് ഒന്നാംസ്ഥാനം നേടി.
തടസ്സങ്ങള്‍ നിരത്തിവെച്ച വഴികള്‍കടന്ന് ചെളിനിറഞ്ഞ പാതകള്‍ താണ്ടി ഒന്നാമതെത്തുന്ന ക്ലബ്ബിന് സമ്മാനമായി ലഭിക്കുന്ന അഞ്ച് ലക്ഷം രൂപയുമായാണ് വയനാടിന്റെ റൈഡര്‍മാര്‍ തിരികെയെത്തിയത്. ഈ മാസം 22, 23 തീയതികളിലായി ബെംഗളൂരു എലങ്കയിലെ രാജ്യാന്തര ട്രാക്കിലായിരുന്നു മത്സരങ്ങള്‍.രാജ്യത്തെ 15 മുന്‍നിര ക്ലബ്ബുകള്‍ ചലഞ്ചില്‍ പങ്കെടുത്തു.
ടീം എക്‌സ്‌പെന്‍ഡബ്ലെസ് ക്ലബ്ബ്, ഡി.ഒ.ടി., ഈസ്റ്റ് ജയ്‌നിത് അഡ്വഞ്ചര്‍ മോട്ടോര്‍ സ്‌പോര്‍ട്ട്, മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓഫ് മോഘാലയ, പഞ്ചാബ് ഓഫ് റോഡേഴ്‌സ് ക്ലബ്ബ്, കേരള അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്, വെര്‍ജ്‌റേസിങ് എക്‌സ്ട്രീം ഓഫ് റോഡേഴ്‌സ്, കെ.ആര്‍.ഒ.സി., നോര്‍ത്തേണ്‍ ഇന്ത്യ ഓഫ് റോഡ് ക്ലബ്ബ്, കെ.ടി.എം. ജീപ്പേഴ്‌സ്, ഫ്‌ലൈവീല്‍ തുടങ്ങിയ വന്പന്‍മാരെ പിന്നിലാക്കിയായിരുന്നു വയനാട് ജീപ്പേഴ്‌സ് ക്ലബ്ബിന്റെ കുതിപ്പ്.
ബെംഗളൂരു ഓഫ് റോഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (ബി.ഒ.ഡി.എ.) റണ്ണറപ്പായി. ആര്‍ ആന്‍ഡ് ടി ഓഫ് റോഡ് ക്ലബ്ബ് മൂന്നാമതെത്തി. ഈ ക്ലബ്ബുകള്‍ക്ക് യഥാക്രമം മൂന്നു ലക്ഷം, രണ്ട് ലക്ഷം രൂപയാണ് സമ്മാനം.
വയനാട് ജീപ്പേഴ്‌സ്
ബെംഗളൂരുവിലെ നേട്ടത്തിനുശേഷം മാര്‍ച്ച് 22-ന് ആലപ്പുഴയില്‍ നടക്കാനിരിക്കുന്ന ഓഫ് റോഡ് ചലഞ്ചില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് വയനാട് ജീപ്പേഴ്‌സ് ക്ലബ്ബ്. തൃശ്ശൂരിലും മത്സരമുണ്ട്. ഓഫ് റോഡിങ്ങും അതിലുണ്ടാവുന്ന നേട്ടവും തരുന്ന സന്തോഷത്തിലാണ് മത്സരശേഷം ടീമിലുള്ള ഓരോരുത്തരുമെന്ന് ക്ലബ്ബ് സെക്രട്ടറി ഷിനോജ് ആയങ്കല്‍ പറയുന്നു. ആദ്യമായി പങ്കെടുത്ത ക്ലബ്ബ് ചലഞ്ചില്‍ത്തന്നെ കിരീടം നേടാനായത് ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്.
2017-ല്‍ വയനാട്ടിലെ ഓഫ് റോഡ് ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തിയാണ് വയനാട് ജീപ്പേഴ്‌സ് എന്ന പേരില്‍ ക്ലബ്ബ് രൂപവത്കരിച്ചത്. 13 പേരാണ് ടീമിലുള്ളത്. വിപിന്‍ വര്‍ഗീസ് പ്രസിഡന്റും പി.എ. സൈഫുദ്ദീന്‍ ട്രഷററുമാണ്. എം.കെ. സജീര്‍, വി. അഫ്‌സല്‍, സനീഷ് പാറ്റാനി, എം. സംഗീത്, കിരണ്‍കുമാര്‍, പി. അബ്ദുല്‍ ഷരീഫ്, ലിമിയ വിപിന്‍, എം. അനീഷ്, എന്‍.വി. അഷ്‌റഫ് എന്നിവരാണ് മറ്റംഗങ്ങള്‍.
Content Highlights: Mahindra Off-Road Challenge; Wayanad Jeepers Wins
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..