സെപ്തംബര്‍ മൂന്നിന് ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി മഹീന്ദ്ര മരാസോ എംപിവിയുടെ ബുക്കിങ് ആരംഭിച്ചു. രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ പതിനായിരം രൂപ സ്വീകരിച്ചാണ് അനൗദ്യോഗിക ബുക്കിങ് തുടങ്ങിയത്. നേരത്തെ മരാസോയുടെ വിവിധ ഭാഗങ്ങളുടെ ചെറു ചിത്രങ്ങള്‍ ടീസറായി പുറത്തുവിട്ടിരുന്നെങ്കിലും വാഹനത്തിന്റെ ഓവറോള്‍ രൂപം ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 

ഇതുവരെ കണ്ടുപരിചയിച്ച മഹീന്ദ്ര മുഖങ്ങളില്‍ നിന്ന് തീര്‍ത്തും വേറിട്ട രൂപമായിരിക്കും മരാസോയ്ക്ക്. മഹീന്ദ്രയുടെ ഡിസൈന്‍ വിഭാഗവും ഇറ്റാലിയന്‍ കമ്പനിയായ പിനിന്‍ഫരീനയും ചേര്‍ന്നാണ് മരാസോയുടെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. ഷാര്‍ക്ക് (സ്രാവ്) എന്നാണ് സ്പാനിഷ് വാക്കായ മരാസോയുടെ അര്‍ഥം. അതുകൊണ്ടുതന്നെ ഷാര്‍ക്ക് മാതൃകയില്‍ എയറോഡൈനാമിക് ഡിസൈനിലാണ് വാഹനം എത്തുന്നത്. 

മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. ക്രോമിയം ഫിനീഷിങ് നല്‍കിയിരിക്കുന്ന ഗ്രില്ലുകളും ഡുവല്‍ പ്രോജക്ഷന്‍ ഹെഡ്ലാമ്പും സ്പോര്‍ട്ടി അലോയി വീലുകളും വലിയ ടെയില്‍ ലാമ്പുമൊക്കെയാണ് മരാസോയെ ആകര്‍ഷകമാക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ എസി വെന്റുകളാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്, വാഹനത്തിനുള്ളിലുള്ള എല്ലവര്‍ക്കും ഒരുപോലെ തണുപ്പ് നല്‍കുന്ന സറൗണ്ട് കൂള്‍ ടെക്നോളജിയിലാണ് എസി വെന്റുകള്‍ നല്‍കിയിരിക്കുന്നത്. 

അകത്തെ സ്ഥലസൗകര്യമാണ് മരാസോയുടെ പ്രധാന സവിശേഷത. ഏഴ്, എട്ട് സീറ്റ് ഓപ്ഷനില്‍ മരാസോ വിപണിയിലെത്തും. സെവന്‍ സീറ്ററില്‍ രണ്ടാമത്തെ നിരയില്‍ ക്യാപ്റ്റന്‍ സീറ്റും എട്ട് സീറ്ററില്‍ രണ്ടാമത്തെയും മൂന്നാമത്തെയും നിര ബെഞ്ച് സീറ്റുമായിരിക്കും. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ മരാസോ വിപണിയിലെത്തുമെന്നാണ് സൂചന. 6 സ്പീഡ് മാനുവലായിരിക്കും ഗിയര്‍ബോക്‌സ്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, റെനൊ ലോഡ്ജി, ടാറ്റാ ഹെക്സ എന്നിവയാണ് മരാസോയെ കാത്തിരിക്കുന്ന പ്രധാന എതിരാളികള്‍. 

Content Highlights; Mahindra Marazzo MPV bookings open