പുതിയ കാര്‍ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന റേവുമായി സഹകരിച്ചാണ് പദ്ധതി. ഇതുവഴി ആവശ്യക്കാര്‍ക്ക് വലിയ തുക മുടക്കി പുതിയ കാറുകള്‍ വാങ്ങാതെ തന്നെ പുത്തന്‍ മഹീന്ദ്ര കാറുകള്‍ വീട്ടിലെത്തിക്കാം, മാസംതോറും നിശ്ചിത തുക വാടകയായി നല്‍കിയാല്‍ മാത്രം മതി. 

മഹീന്ദ്ര നിരയിലെ കെയുവി100, ടിയുവി300, എക്‌സ്‌യുവി300, സ്‌കോര്‍പിയോ, എക്‌സ്‌യുവി500, മരാസോ, ആള്‍ട്ടൂറാസ് ജി4 എന്നീ മോഡലുകളാണ് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാവുക. മാസംതോറും 19,720 രൂപ മുതലാണ് വാടക. മോഡലുകള്‍/വേരിയന്റുകള്‍ക്കനുസരിച്ച് വാടകയില്‍ വ്യത്യാസം വരും. ഇന്‍ഷുറന്‍സ്, മെയ്ന്റനന്‍സ് ചെലവ് എന്നിവയെല്ലാം അടക്കമാണിത്. ഒന്ന് മുതല്‍ നാല് വര്‍ഷം വരെ ഇത്തരത്തില്‍ മഹീന്ദ്ര കാറുകള്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കാം. 

കാലാവധി കഴിഞ്ഞാല്‍ വാഹനം കമ്പനിക്ക് തിരികെ നല്‍കണം. അല്ലെങ്കില്‍ കാലപ്പഴക്കത്തിനനുസരിച്ച് കണക്കാക്കിയ ഒരു തുക നല്‍കി ഉപഭോക്താവിന് വാഹനം സ്വന്തമായി വാങ്ങുകയും ചെയ്യാം. സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസിലൂടെ പുതിയ കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത തുക അടച്ച് ആദ്യം വാഹനം ബുക്ക് ചെയ്യണം. ഈ തുക തിരിച്ചുകിട്ടും. ആദ്യ മാസത്തെ വാടകയും മുന്‍കൂറായി അടയ്ക്കണം. ബുക്ക് ചെയ്ത് ഒരുമാസത്തിനുള്ളില്‍ വാഹനം ഉപഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്യും. സബ്‌സ്‌ക്രിപ്ഷന്‍ പ്രകാരം മാസംതോറും 2083 കിലോമീറ്റര്‍ വരെയാണ് എല്ലാ മോഡലുകള്‍ക്കും സൗജന്യ ദൂരപരിധി. അതിന് പുറമെയുള്ള കിലോമീറ്ററുകള്‍ക്ക് അധിക ചാര്‍ജ് വരും. 

പുതിയ കാര്‍ വാങ്ങുമ്പോള്‍ നല്‍കേണ്ട ഉയര്‍ന്ന ഡൗണ്‍ പേയ്‌മെന്റ് സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസില്‍ നല്‍കേണ്ടതില്ല. ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും വാഹനം മാറ്റുകയും ചെയ്യാം. ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, പുണെ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ചണ്ഡിഗഡ്, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മഹീന്ദ്ര സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസ് ലഭ്യമാവുക. രണ്ടാംഘട്ടത്തില്‍ കൂടുതല്‍ നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. 

Content Highlights; mahindra lntroduce new car subscription service