മഹീന്ദ്രയുടെ കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം കെ.യു.വി 100 വിപണിയിലേക്ക്. വാഹനത്തിന് എക്‌സ്.യു.വി 100 എന്ന പേരുനല്‍കുമെന്നാണ് ആദ്യം കേട്ടത്. എന്നാല്‍ എക്‌സ്.യു.വി 500 (5 ഡബിള്‍ ഓ) ന്റെ ചെറുമോഡലാണ് ഇതെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാതിരിക്കാനാണ് മഹീന്ദ്ര പേരുമാറ്റിയതെന്ന് കരുതുന്നു. എക്‌സ്.യു.വി 500 ല്‍നിന്ന് തികച്ചും വ്യത്യസ്തമാണ് കെ.യു.വി 100 എന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. മുന്‍ വീലിന് തൊട്ടടുത്താണ് എ പില്ലര്‍ (വിശാല ഇന്റീരിയര്‍ സ്‌പെയ്‌സും നീണ്ട വീല്‍ബെയിസും വാഗ്ദാനം ചെയ്യുന്നതാണ് ഈ സവിശേഷത). 

എസ്.യു.വിയെക്കാള്‍ ക്രോസ് ഓവറിനോട് സാദൃശ്യമുള്ള വാഹനമാണ് കെ.യു.വി 100. ലളിതവവും വലിപ്പമേറിയതുമാണ് ബൂട്ട് ലിഡ്ഡില്‍ ചേര്‍ത്തിണക്കിയിട്ടുള്ള ടെയ്ല്‍ ലാമ്പ്. ലോവര്‍ ബോഡിക്കും അപ്പര്‍ ബോഡിക്കും വെവ്വേറെ നിറങ്ങള്‍. വാഹനത്തിന് നന്നായി ഇണങ്ങുന്ന സ്‌പോയ്‌ലറും അലോയ് വീലുകളും കെ.യു.വി 100 ന് കരുത്തന്‍ രൂപഭംഗി നല്‍കുന്നു. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ലഭ്യമാകും. പെട്രോള്‍ എന്‍ജിന് 80 ബി.എച്ച്.പി കരുത്തും ഡീസല്‍ എന്‍ജിന് 75 ബി.എച്ച്.പി പരമാവധി കരുമാണുള്ളത്. ടി.യു.വി. 300നു സമാനമായി എ.എം.ടി ട്രാന്‍സ്മിഷനാണ് വാഹനത്തിന്റെ സവിശേഷത.

ഏകദേശ വില 4 ലക്ഷത്തോളമായിരിക്കും. ഫീച്ചര്‍ പായ്ക്ക്ഡ് കെ.യു.വി 100 കോംപാക്ട് എസ്.യു.വി വിപണിയിലും ചെറുകാര്‍ വിപണിയിലും ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.