ടുത്ത നാല് വര്‍ഷത്തിനുള്ളില്‍ നിരത്തുകളിലുള്ള വാഹനത്തിന്റെ 10 ശതമാനമെങ്കിലും ഇലക്ട്രിക്കലിലേക്ക് മാറാനുള്ള കാര്യക്ഷമമായ നടപടികളാണ് ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മഹാരാഷ്ട്ര സ്വീകരിക്കുന്നത്. 2018-ല്‍ ഇലക്ട്രിക് നയം പ്രഖ്യാപിച്ച ഈ സംസ്ഥാനം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായി പുതിയ നയം വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സബ്ഡിസി നല്‍കിയും ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതും ഉറപ്പാക്കിയുള്ളതാണ് മഹാരാഷ്ട്ര ഒരുക്കിയിട്ടുള്ള പുതിയ ഇലക്ട്രിക് നയം. ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വളരെ പിന്നിലായതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര ഇലക്ട്രിക് വാഹന നയത്തില്‍ പൊളിച്ചെഴുത്ത് നടത്തിയിട്ടുള്ളത്. 

2025-ഓടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ 10 ശതമാനം ഇലക്ട്രിക്ക് ആക്കി മാറ്റുകയെന്നതാണ് ഇ.വി. പോളിസിയുടെ പ്രധാന ലക്ഷ്യം. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇരുചക്ര വാഹനങ്ങളില്‍ പത്ത് ശതമാനവും, ഓട്ടോറിക്ഷകളില്‍ 20 ശതമാനവും, കാറുകളില്‍ അഞ്ച് ശതമാനവും ഇലക്ട്രിക്ക് ആക്കുകയാണ് സര്‍ക്കാര്‍ പുതിയ ഇലക്ട്രിക് വാഹന നയത്തിലൂടെ ലക്ഷ്യമിടുന്നത്.

വരുന്ന നാല് വര്‍ഷത്തിനുള്ളില്‍ ഫ്‌ളീറ്റ് ഒപ്പറേഷന്‍, പൊതുഗതാഗതം എന്നിവയിലെ 25 ശതമാനം വാഹനങ്ങളും ഇലക്ട്രിക് കരുത്തിലേക്ക് മാറണമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇ-കൊമേഴ്‌സ് ഡെവിലറി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഈ വിഭാഗത്തില്‍ പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എം.എസ്.ആര്‍.ടി.സിയുടെ 15 ശതമാനം ബസുകളും ഇലക്ട്രിക്കിലേക്ക് മാറും.

ബാറ്ററിയുടെ ശേഷിക്ക് അനുസരിച്ച് കിലോവാട്ടിന് 5000 രൂപ എന്ന നിരക്കിലാണ് സബ്‌സിഡി അനുവദിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് പരമാവധി 10,000 രൂപ, ഓട്ടോയ്ക്ക് 30,000 രൂപ, കാറുകള്‍ക്ക് 1,50,000 രൂപ, ഗുഡ്‌സ് വാഹനങ്ങള്‍ക്ക് 1,00,000, ബസുകള്‍ക്ക് വിലയുടെ 10 ശതമാനം അല്ലെങ്കില്‍ 20 ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കുന്നതാണ് മഹാരാഷ്ട്രയുടെ പുതിയ ഇലക്ട്രിക് നയം.

കൂടുതല്‍ ചാര്‍ജിങ്ങ് സ്റ്റേഷനുകളും പുതിയ നയത്തില്‍ ഉറപ്പുനല്‍കുന്നുണ്ട്. എല്ലാ മൂന്ന് കിലോമീറ്ററിലും ഒരു ചാര്‍ജിങ്ങ് സ്‌റ്റേഷന്‍ ഒരുക്കുമെന്നാണ് നയത്തിലുള്ളത്. ഇതിനുപുറമെ, പത്ത് ലക്ഷം ആളുകള്‍ക്ക് 50-ല്‍ കൂടുതല്‍ ചാര്‍ജിങ്ങ് സ്റ്റേഷന്‍ എന്ന കണക്കില്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം ഉറപ്പാക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ചാര്‍ജിങ്ങ് സ്‌റ്റേഷനുകള്‍ ആരംഭിക്കാനാണ് പദ്ധതി.

Content Highlights: Maharashtra Introduce New Electric Policy To Boost EV Sale In State