മുംബൈ: മുംബൈയില്‍നിന്ന് പുണെയിലേക്ക് 23 മിനിറ്റുകൊണ്ട് എത്തുന്ന ഹൈപ്പര്‍ലൂപ്പ് പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ അനുമതി നല്‍കി. മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതി. തീവണ്ടിയില്‍ മൂന്നര മണിക്കൂര്‍ കൊണ്ട് എത്തുന്ന സമയമാണ് 23 മിനിറ്റുകൊണ്ട് എത്തുന്നത്. അയ്യായിരം കോടിയുടെതാണ് പദ്ധതി.

ഹൈപ്പര്‍ലൂപ്പ് ഇന്ത്യയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റിച്ചാഡ് ബ്രാന്‍സണ്‍ന്റെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ മഹാരാഷ്ട്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു. മുംബൈ മുതല്‍ പുണെവരെ ഹൈപ്പര്‍ലൂപ്പ് ഗതാഗതം ആരംഭിക്കുന്നതിനാണ് കമ്പനിയും സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തിയത്.

മാഗ്നെറ്റിക് മഹാരാഷ്ട്ര ഇന്‍വെസ്റ്റര്‍ ഉച്ചകോടിയിലാണ് ധാരണാപത്രം നിലവില്‍ വന്നത്. ഹൈപ്പര്‍ലൂപ്പ് സംവിധാനം അപകടങ്ങള്‍ കുറയ്ക്കും. പരീക്ഷണ ട്രാക്കിന്റെ നിര്‍മാണം 2020-ല്‍ തുടങ്ങാനാണ് തീരുമാനം. മുംബൈ-പുണെ ട്രാക്ക് പൂര്‍ത്തിയാക്കാന്‍ നാലുവര്‍ഷം വേണ്ടിവരുമെന്നും റിച്ചാര്‍ഡ് ബ്രാന്‍സണ്‍ 2018-ല്‍ മുംബൈയില്‍ നടന്ന മാഗ്നെറ്റിക് മഹാരാഷ്ട്ര ഇന്‍വെസ്റ്റര്‍ ഉച്ചകോടിയില്‍ പറഞ്ഞിരുന്നു.

വായു ഇല്ലാത്ത ഒരു കുഴലിലൂടെ കാന്തികശക്തിയില്‍ ഓടുന്ന വണ്ടിയാണിത്. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കോച്ചാണ് (പോഡ്) ഉപയോഗിക്കുന്നത്. സ്റ്റീലിനെക്കാള്‍ ഉറപ്പുള്ള ഈ കോച്ചിന് ഭാരം കുറവായിരിക്കും. 8.7 മീറ്റര്‍ നീളവും 2.7 മീറ്റര്‍ വീതിയും 2.4 മീറ്റര്‍ ഉയരവുമാണ് കോച്ചിനുണ്ടാവുക. വായു ഇല്ലാത്തതിനാലും എവിടെയും തൊടാത്ത നിലയിലുമായതിനാല്‍ ശബ്ദവേഗത്തില്‍ ഇതിന് സഞ്ചരിക്കാന്‍ കഴിയും (1223 കി. മീറ്റര്‍ വേഗതയില്‍).

സൗരോര്‍ജമാണ് ഉപയോഗിക്കുന്നത്. പാളത്തില്‍നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന പോഡ് പരമാവധി വേഗതയില്‍ എത്തിക്കഴിഞ്ഞാല്‍ വലിയ ഊര്‍ജമില്ലാതെതന്നെ മുന്നോട്ട് കുതിക്കും. കഴിഞ്ഞ ഡിസംബറില്‍ വിദേശത്ത് നടത്തിയ പരീക്ഷണത്തില്‍ 385 കി.മീറ്റര്‍ വേഗത്തിലാണ് ഹൈപ്പര്‍ലൂപ്പ് ഓടിച്ചത്.

വാക്കഡ് മുതല്‍ ബാന്ദ്ര കുര്‍ള കോംപ്ലക്സ് വരെയാണ് ഈ പാത. 117.5 കിലോ മീറ്ററാണ് ദൂരം.

Content Highlights; maharashtra cabinet gives nod for hyperloop test track, mumbai to pune in 23 minutes, mumbai to pune hyberloop