വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇരുചക്രവാഹനങ്ങള്‍ക്കും വേഗപ്പൂട്ട് (സ്പീഡ് ഗവേണര്‍) നിര്‍ബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഒരു വാഹനാപകടക്കേസില്‍ നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് എന്‍. കൃപാകരന്‍ ജസ്റ്റിസ് അബ്ദുള്‍ ക്വദ്ദോസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. 

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ചെന്നൈയില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് തട്ടി ചലനശേഷി നഷ്ടമായ പെണ്‍കുട്ടിക്കനുവദിച്ച നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാനാണ് കുട്ടിയുടെ അച്ഛന്‍ കോടതിയെ സമീപിച്ചത്. 

നഷ്ടപരിഹാരത്തുക 18.44 ലക്ഷത്തില്‍നിന്ന് 1.50 കോടിയായി വര്‍ധിപ്പിച്ച് കോടതി ഉത്തരവിട്ടു. റോഡുകളില്‍ നിര്‍മിക്കുന്ന വേഗത്തടകള്‍ (സ്പീഡ് ബ്രേക്കര്‍) അപകടത്തിന് കാരണമാകുന്നതൊഴിവാക്കാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വേണം അവ നിര്‍മിക്കേണ്ടത്. 

ലൈസന്‍സിന് അപേക്ഷിക്കുന്നവരെ, വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ അടുത്തെത്തിച്ച് റോഡ് നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ പരിണിതഫലം വിശദീകരിക്കുകയും ഇവരെ റോഡ് സുരക്ഷാ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ ക്ലാസുകളില്‍ പങ്കെടുപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

Content Highlights: Madras High Court Direct That Two Wheeler Need Speed Governors