മാറ്റങ്ങളുമായി ടൂറിസ്റ്റ് വാഹനങ്ങള്‍ക്കുള്ള അഖിലേന്ത്യാ പെര്‍മിറ്റ് ചട്ടങ്ങള്‍ നിലവില്‍വന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നു ലഭ്യമായ ഓതറൈസേഷനും പെര്‍മിറ്റുമായി ചെക്ക്‌പോസ്റ്റിലേക്ക് വരുന്ന വാഹനങ്ങളെ ഫീസോ, നികുതിയോ ഈടാക്കാതെ കടത്തിവിടണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. ഏപ്രില്‍ ഒന്നുമുതലാണ് പുതിയ സമ്പ്രദായം നിലവില്‍വന്നത്. ഇതുസംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് രാജ്യത്തുടനീളം സര്‍വീസ് നടത്തുന്നതിനുള്ള 1993-ലെ മോട്ടോര്‍ വാഹന നിയമം തിരുത്തിയാണ് ഈവര്‍ഷം ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (ഓതറൈസേഷന്‍ ഓര്‍ പെര്‍മിറ്റ്) ചട്ടം കൊണ്ടുവന്നത്. ഇതുപ്രകാരം ഓതറൈസേഷനും പെര്‍മിറ്റിനും വാഹന ഉടമകള്‍ പരിവാഹന്‍ സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയും ഫീസടയ്ക്കുകയും വേണം. വാഹന ഉടമയ്ക്ക് ഫോറം രണ്ടില്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 

മറ്റേതെങ്കിലും സംസ്ഥാനത്തുനിന്നുമുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ചെക്ക്‌പോസ്റ്റിലേക്ക് വരുന്ന വാഹനങ്ങളില്‍നിന്ന് സംസ്ഥാനത്തിനു ലഭിക്കേണ്ട നികുതിയും ഫീസും ഈടാക്കേണ്ടതാണ്. ഓതറൈസേഷന്‍ ലഭിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് നിര്‍ദിഷ്ട ഫീസ് അടച്ച് പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിച്ചാല്‍ ഫോറം മൂന്നില്‍ അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ലഭിക്കും. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഈ രണ്ടുരേഖകളുമായി വരുന്നവരില്‍നിന്നാണ് ഫീസോ നികുതിയോ ഈടാക്കാന്‍ പാടില്ലാത്തത്. 

ഇത്തരം വാഹനങ്ങളെ സംസ്ഥാനങ്ങളിലെ നികുതി അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലെ ചട്ടം-93 പ്രകാരം പെര്‍മിറ്റും (ഫോറം-43) ഓതറൈസേഷനും (ഫോറം-46) എടുത്തുവരുന്ന വാഹനങ്ങളില്‍നിന്ന് നികുതി തുടര്‍ന്നും ഈടാക്കേണ്ടതാണെന്നും കമ്മിഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. പെര്‍മിറ്റിനുള്ള വാര്‍ഷിക ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഡ്രൈവര്‍ക്ക് പുറമേ ഒന്‍പതുപേര്‍ക്ക് യാത്രചെയ്യാവുന്ന വാഹനങ്ങളില്‍ 500 രൂപ ഓതറൈസേഷനും എ.സി.പെര്‍മിറ്റിന് 25,000 രൂപയും അടയ്ക്കണം. 

നോണ്‍ എ.സി.പെര്‍മിറ്റിന് 15,000 രൂപയാണ് ഫീസ്. 10 മുതല്‍ 22 വരെ യാത്രക്കാര്‍ക്ക് പോകാവുന്ന വാഹനങ്ങള്‍ക്ക് 750 രൂപ ഓതറൈസേഷന് അടയ്ക്കണം. എ.സി.ക്ക് 75,000 രൂപയും നോണ്‍ എ.സി.ക്ക് 50,000 രൂപയുമാണ് നിരക്ക്. ഇരുപത്തിമൂന്നോ അതില്‍ കൂടുതലോ യാത്രക്കാര്‍ക്കുള്ള വാഹനങ്ങള്‍ ആയിരം രൂപ ഓതറൈസേഷന്‍ ചാര്‍ജും മൂന്നുലക്ഷം രൂപ എ.സി. പെര്‍മിറ്റിനും അടയ്ക്കണം. നോണ്‍ എ.സി.ക്ക് രണ്ടുലക്ഷം രൂപയാണ് നിരക്ക്്. ത്രൈമാസ പെര്‍മിറ്റിനുള്ള നിരക്ക് ഇതിന്റെ 30 ശതമാനം ആയിരിക്കും.

Content Highlights: Luxury Private Bus Can Run Across India Without State Permission.