പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
വ്യാജരേഖയുടെ അടിസ്ഥാനത്തിലാണെന്ന് ബോധ്യപ്പെട്ടാല്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആഡംബര കാറുകളുടെ മറ്റു സംസ്ഥാനത്തെ രജിസ്ട്രേഷന് കേരളത്തിന് റദ്ദാക്കാമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്.
പുതുച്ചേരി രജിസ്ട്രേഷന് ആഡംബര കാറുകളുടെ കാര്യത്തില്‍ സിംഗിള്‍ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ നാല്പതോളം അപ്പീലുകളിലാണ് ജസ്റ്റിസ് എ.എം. ഷഫീഖും ജസ്റ്റിസ് പി. ഗോപിനാഥും ഉള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി. കേരളത്തിന് അന്വേഷിക്കാനും വ്യാജരേഖയെന്ന വിവരം ആദ്യ രജിസ്റ്ററിങ് അധികാരിയെ അറിയിക്കാനുമേ അധികാരമുള്ളൂ എന്ന സിംഗിള്‍ബെഞ്ചിന്റെ നിഗമനം ശരിയല്ലെന്ന് ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.
വ്യാജ വിലാസമോ വിവരമോ നല്‍കിയാണ് ആദ്യ രജിസ്ട്രേഷന് എന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ രാജ്യത്തെ ഏത് രജിസ്റ്ററിങ് അതോറിറ്റിക്കും അത് റദ്ദാക്കാനധികാരമുണ്ട്. റദ്ദാക്കിയ ശേഷം അക്കാര്യം ആദ്യ രജിസ്ട്രേഷന് അതോറിറ്റിയെ അറിയിക്കണം. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും രജിസ്റ്ററിലെ എന്‍ട്രിയും റദ്ദാക്കേണ്ടത് ആദ്യ രജിസ്ട്രേഷന് അതോറിറ്റിയാണെന്ന് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
വിലാസമുള്‍പ്പെടെ വിവരങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെട്ടാണ് പുതുച്ചേരിയിലെ അധികൃതര്‍ വാഹനം രജിസ്റ്റര്‍ ചെയ്തുതന്നതെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. അത് തെറ്റാണെന്ന് രാജ്യത്തെ മറ്റേതെങ്കിലും രജിസ്റ്ററിങ് അധികാരിക്ക് പറയാനാവില്ലെന്നും വാദിച്ചു. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അന്നത്തെ വിവരം വിലയിരുത്തിയാവും അത് നടത്തുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആദ്യ രജിസ്ട്രേഷന് കഴിഞ്ഞാല്‍ വാഹനം രാജ്യത്തെവിയെയും ഓടിക്കാം. എന്നാല്‍ സാധാരണഗതിയില്‍ വാഹനം ആദ്യം രജിസ്റ്റര്‍ ചെയ്ത സ്ഥലത്താണ് സ്ഥിരമായി ഉപയോഗിക്കേണ്ടതും സൂക്ഷിക്കേണ്ടതും. വാഹന ഉടമയുടെ വീടോ ജോലിസ്ഥലമോ കേരളത്തിലാണെങ്കില്‍ വാഹന ഉപയോഗവും നിര്‍ത്തിയിടലും കേരളത്തിലാവും.
ആദ്യ രജിസ്ട്രേഷന് നടത്തിയ പുതുച്ചേരിയില്‍ രജിസ്ട്രേഷന് രേഖയില്‍ പറയുംപ്രകാരമുള്ള വീടോ ബിസിനസ്സോ ഇല്ലെന്ന് വ്യക്തമായാല്‍ കേരളത്തിലെ രജിസ്റ്ററിങ് അധികാരിക്ക് വാഹന രജിസ്ട്രേഷന് റദ്ദാക്കാമെന്നാണ് ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന് ഫീസ് കുറവായതിനാല്‍ ആഡംബര കാറുകള്‍ ഉടമകള്‍ അവിടെ രജിസ്റ്റര്‍ ചെയ്യുന്ന പതിവുണ്ട്.
അവിടെയാണ് താമസമെന്നോ ബിസിനസ്സെന്നോ ഉള്ള വ്യാജ രേഖയുടെ അടിസ്ഥാനത്തിലാവും അത്. അങ്ങനെയുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ റദ്ദാക്കാന്‍ കേരളത്തില്‍ നടപടിയാരംഭിച്ചിരുന്നു. അതിനായി വിവിധ ജില്ലകളിലെ രജിസ്റ്ററിങ് അതോറിറ്റികള്‍ നല്കിയ നോട്ടീസ് ചോദ്യം ചെയ്ത് വാഹന ഉടമകള്‍ നല്കിയ ഹര്‍ജിയിലായിരുന്നു ഇതര സംസ്ഥാന രജിസ്ട്രേഷന് റദ്ദാക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന സിംഗിള്‍ബെഞ്ചിന്റെ നിഗമനം.
Content Highlights: Luxury car: Kerala can cancel Puducherry registration with fake address
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..