ലൈസന്‍സ് ഇല്ലാതെയുള്ള ഡ്രൈവിങ്ങ് ഗുരുതരമായ നിയമലംഘനമായാണ് കണക്കാക്കുന്നതെങ്കിലും ദിനംപ്രതി കുട്ടി ഡ്രൈവര്‍മാരുടെ എണ്ണം വര്‍ധിച്ച് വരുന്നതാണ് സ്ഥിതി. കുട്ടി ഡ്രൈവര്‍മാര്‍ ഉണ്ടാക്കുന്ന അപകടങ്ങളും നിത്യസംഭവമാണ്. ഇത്തരത്തില്‍ രണ്ട് കുട്ടികള്‍ ആഡംബര വാഹനമായി രാത്രി കറങ്ങാനിറങ്ങിയപ്പോള്‍ ഉണ്ടായ അപകടമാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംനേടിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായിരിക്കുന്നത്. 

17-കാരായ രണ്ട് സുഹൃത്തുകളാണ് ആഡംബര വാഹനവുമായി രാത്രിയില്‍ കറങ്ങാനിറങ്ങിയത്. അമിതവേഗത്തിലായിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് വാഹനത്തിന്റെ ടയര്‍ പൊട്ടുകളും എന്‍ജിന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നിട്ടുമുണ്ടെന്നാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 

അപകട സമയത്ത് വാഹനത്തിലെ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ മാത്രമാണ് കുട്ടികളുടെ ജീവന് ആപത്തുണ്ടാകാതിരുന്നതെന്നാണ് വിലയിരുത്തലുകള്‍. വാഹനത്തിന്റെ ഡ്രൈവര്‍ കംപാര്‍ട്ട്‌മെന്റ് വരെയുള്ള ബാഗങ്ങള്‍ അപകടത്തില്‍ തകര്‍ന്നതിനാല്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടി പൊളിച്ചാണ് കുട്ടികളെ പുറത്തെടുത്തത്. ഇവരെ ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സമയത്ത് മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ തന്നെ വലിയ അപകടം ഒഴിവായി.

ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് കുട്ടിക്കും രക്ഷകര്‍ത്താവിനുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. നിലവിലെ നിയമം അനുസരിച്ച് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ വാഹന ഉടമയ്‌ക്കോ രക്ഷിതാക്കള്‍ക്കെതിരേയോ പോലീസിന് കേസെടുക്കാം. 25,000 രൂപ വരെ പിഴയും ഒരു വര്‍ഷം വരെ തടവോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമായാണ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിനെ പരിഗണിച്ചിരിക്കുന്നത്.

Content Highlights: Luxury car driven by minor boy hits divider, Child driving, Driving licence, Licenceless drive