പൊതുവാഹനങ്ങള്‍ക്ക് രാജ്യത്താകമാനം ഏകീകൃത പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയ കേന്ദ്രതീരുമാനം വിനോദസഞ്ചാരമേഖയ്ക്ക് ഉണര്‍വേകും. സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് റോഡ്മാര്‍ഗമുള്ള ടൂര്‍പാക്കേജുകള്‍ക്ക് വിവിധ സംസ്ഥനങ്ങളുടെ പ്രത്യേക പെര്‍മിറ്റ് വ്യവസ്ഥകള്‍ തടസ്സമായിരുന്നു. 

ഇത് ഏകീകരിക്കുന്നതോടെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വിവിധ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വിനോദസഞ്ചാരയാത്രകള്‍ സംഘടിപ്പിക്കാനാകും. ചെലവ് കുറയുന്നതിനാല്‍ യാത്രാക്കൂലിയിലും ഇളവുണ്ടാകും. കാറുകള്‍മുതല്‍ ബസുകള്‍വരെയുള്ള എല്ലാ പൊതുവാഹനങ്ങളും ഉപയോഗിക്കാമെന്നതാണ് മറ്റൊരു നേട്ടം.

ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള ശബരിമലതീര്‍ഥാടകര്‍ക്കും പുതിയ സംവിധാനം പ്രയോജനകരമാണ്. കര്‍ണാടകവും കേരളവും തമ്മില്‍ ഏറെക്കാലമായി പെര്‍മിറ്റ് വ്യവസ്ഥകള്‍ സംബന്ധിച്ച് തര്‍ക്കമുണ്ട്. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നികുതിയും കൂടുതലാണ്. 

കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ പരിവാന്‍ വെബ്സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ പെര്‍മിറ്റ് നല്‍കുന്നത്. വരുമാനം സംസ്ഥാനങ്ങള്‍ക്ക് വീതംവെയ്ക്കും. ചെക്‌പോസ്റ്റുകള്‍ ഓണ്‍ലൈനാകുന്നതോടെ വാഹനങ്ങളുടെ കൃത്യമായ വിവരവും ലഭിക്കും.

കെ.എസ്.ആര്‍.ടി.സി.ക്കും പുതിയ സംവിധാനം പ്രയോജനപ്പെടുത്താം. ടൂര്‍ ഓപ്പറേറ്റര്‍ ലൈസന്‍സ് നേടിയാല്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പെര്‍മിറ്റില്ലാതെ ബസുകള്‍ ഓടിക്കാനാകും. നിലവിലെ കിലോമീറ്റര്‍ അടിസ്ഥാനത്തിലുള്ള കരാര്‍സംവിധാനം കെ.എസ്.ആര്‍.ടി.സി.ക്ക് നഷ്ടമാണ്. പുതിയ കമ്പനിയായ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന് കേന്ദ്രീകൃത പെര്‍മിറ്റ് സംവിധാനം ഉപയോഗപ്പെടുത്താനുമാകും.

Content Highlights: Luxury Bus Permit, KSRTC Can Run Inter State Service With Out Kilometre Agreement