രാത്രിയാത്രയില്‍ വണ്ടിയുടെ ഡിം ലൈറ്റ് അടിക്കാത്തവരെയും വണ്ടിയില്‍ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെയും കുടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. തീവ്ര വെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താനുള്ള, മൊബൈല്‍ വലിപ്പത്തിലുള്ള ഉപകരണമായ ലക്‌സ് മീറ്ററാകും ഇനി ഇത്തരക്കാരെ കുടുക്കുന്നത്.
രാത്രിയിലെ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ലക്‌സ് മീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധന കര്‍ശനമാക്കിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹന സ്‌ക്വാഡിനാണ് മെഷീന്‍ നല്‍കിയിട്ടുള്ളത്. നിയമപ്രകാരം 24 വാട്‌സുള്ള ബള്‍ബുകള്‍ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്സില്‍ കൂട്ടാന്‍ പാടില്ല. 12 വാട്‌സുള്ള ബള്‍ബുകള്‍ 60 മുതല്‍ 65 വരെ വാട്സിലും കൂടരുത്.
ഒട്ടുമിക്ക വാഹനങ്ങളിലും 60 വാട്സ് വരെ ശേഷിയുള്ള ഹാലജന്‍/എച്ച്.ഐ.ഡി./എല്‍.ഇ.ഡി. ബള്‍ബുകളാണ് നിര്‍മാണക്കമ്പനികള്‍ ഘടിപ്പിക്കാറുള്ളത്. ലൈറ്റിന്റെ അളവ് കൂടിയാല്‍ ലക്‌സ് മീറ്റര്‍ കുടുക്കും. ഇതിനൊപ്പമാണ് ഡിം ലൈറ്റ് അടിക്കാത്തവരും കുടുങ്ങുന്നത്.
ആഡംബര വാഹനങ്ങളില്‍ വെളിച്ചം മുകളിലേക്കു പരക്കാതിരിക്കാനുള്ള ബീം റെസ്ട്രിക്ടര്‍ ഉണ്ടെങ്കിലും പലരും ഇത് അഴിച്ചുമാറ്റാറുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ വെളിച്ചം എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണിലേക്കടിച്ച് അപകടത്തിനിടയാക്കും. ലക്‌സ് മീറ്റര്‍ വഴി പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്കെതിരേ പിഴ ചുമത്താനും ബോധവത്കരണം നടത്താനുമാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ തീരുമാനം.
Content Highlights: Lux Meter To Trap Those Who Do Not Put Low Beam In Night Drive