ണ്ടെയ്‌നര്‍ ലോറിയില്‍ ബിഹാറില്‍നിന്നു സൈന്യത്തിനുള്ള പാഴ്‌സലുമായിവന്ന ഡല്‍ഹിക്കാരന്‍ ഡ്രൈവര്‍ തോന്നയ്ക്കലിലെ തെരുവില്‍ പത്തുദിവസമായി കുടുങ്ങിക്കിടക്കുകയാണ്. ദേശീയപാതയില്‍ തോന്നയ്ക്കലില്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറിയതോടെയാണ് ഡ്രൈവര്‍ സന്തോഷ് കുമാര്‍ തെരുവിലായിപ്പോയത്.

അപകടത്തെത്തുടര്‍ന്ന് ലോറി റോഡില്‍നിന്നു മാറ്റിയിട്ട ക്രെയിനിന്റെ വാടക കൊടുക്കാതെ കാറുടമ മുങ്ങിയതോടെയാണ് സന്തോഷ് നാട്ടിലേക്കു മടങ്ങാന്‍ കഴിയാതെ ലോറിയില്‍ കഴിയുന്നത്. സൈന്യത്തിനുവേണ്ടിയുള്ള പാര്‍സല്‍ നാഗര്‍കോവിലിലെത്തിച്ച് മടങ്ങുമ്പോള്‍ 15-ന് വൈകീട്ട് അഞ്ചിന് പതിനാറാം മൈലിലാണ് അപകടമുണ്ടായത്. 

തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേവന്ന കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി. ലോറിയുടെ ഡീസല്‍ ടാങ്കിലിടിച്ച് കാര്‍ റോഡിന്റെ വശത്തേക്കുമറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. മംഗലപുരം പോലീസ് വിളിച്ചതനുസരിച്ചെത്തിയ ക്രെയിന്‍ ഉപയോഗിച്ച് ലോറി 50 മീറ്റര്‍ മാറ്റിയിട്ടു. ഇതിന്റെ വാടകയായി 8000 രൂപയാണ് ക്രെയിന്‍ ഉടമ ചോദിച്ചത്. ക്രെയിന്‍ വാടക കാറുടമ നല്‍കാമെന്നുപറഞ്ഞെങ്കിലും ഉടമ കാറുമായി മുങ്ങി. 

ഇതോടെ ലോറിഡ്രൈവര്‍ പണം നല്‍കണമെന്ന് ക്രെയിന്‍ ഉടമയും സംഘവും ആവശ്യപ്പെട്ടു. മംഗലപുരം പോലീസും ഇതേ നിലപാട് സ്വീകരിച്ചതോടെ ഡ്രൈവര്‍ തെരുവിലുമായി. തുടര്‍ന്ന് പത്തുദിവസമായി ലോറിക്കുള്ളില്‍ കഴിയുകയാണ് സന്തോഷ്‌കുമാര്‍. നാട്ടുകാരുടെയും സമീപത്തെ കച്ചവടക്കാരുടെയും കാരുണ്യത്തിലാണ് സന്തോഷ് കുമാര്‍ ഭക്ഷണം കഴിക്കുന്നത്. 

കാറുടമ ഫോണെടുക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. മംഗലപുരം പോലീസ് കാറുടമയുമായി ഒത്തുകളിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ലോറി ഉടമയെയും ഫോണില്‍ കിട്ടുന്നില്ലെന്ന് ഡ്രൈവറും പറയുന്നു. പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണവിഭാഗവും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.