ക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.45 ആലത്തൂർ സ്വാതി ജങ്ഷനിലെ ചില ആളുകൾക്കെങ്കിലും മറക്കാൻ കഴിയില്ല. കൺമുന്നിൽ നടക്കേണ്ടിയിരുന്ന ഒരു വാഹനാപകടം തലനാരിഴക്കാണ് വഴിമാറിയത്. ഹൈവേ പോലീസ് ഡ്രൈവറായ വിനോദിന്റെ മനസാന്നിധ്യമാണ് ഈ അപകടത്തിൽ നിന്ന് നാടിനെ രക്ഷിച്ചത്.

ബെംഗളൂരുവിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുടെ ഡ്രൈവർ യുപി സ്വദേശിയായ സന്തോഷ് അപസ്മാരത്തെ തുടർന്ന് സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ഇതേതുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ലോറി സിഗ്നൽ തൂണിലിടിച്ച് ഓട്ടോ സ്റ്റാന്റിന് നേരെ പായുന്നത് കണ്ടാണ് വിനോദ് വാഹനം ശ്രദ്ധിക്കുന്നത്.

ഡ്രൈവർ സ്റ്റിയറിങ്ങിൽ കിടക്കുന്നത് കണ്ടതോടെ വിനോദ് ലോറിയിലേക്ക് ചാടിക്കയറുകയും സ്റ്റിയറിങ്ങ് നിയന്ത്രണത്തിലാക്കിയ ശേഷം ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നു. രക്ഷപ്പെടാൻ ഓടി മാറുന്നതിനിടെ പാതയിൽ നിന്ന് സ്ത്രീയെ ഹോംഗാർഡ് ടി.പി മോഹൻദാസ് വലിച്ചുമാറ്റി രക്ഷപ്പെടുത്തുകയും ചെയ്തു. ഈ സമയം നിരത്തിൽ നിരവധി വാഹനങ്ങളുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്.

തുടർന്ന് ബോധരഹിതനായി ഡ്രൈവറെ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിനോദിന്റെ ധീരതയെ അഭിനന്ദിച്ച് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അഭിനന്ദന പ്രവാഹനമാണ് വിനോദിനെ തേടിയെത്തുന്നത്.