ല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ 2023-ല്‍ യാഥാര്‍ഥ്യമാകുന്നതോടെ ടോള്‍ ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന് പ്രതിമാസം 1000 കോടിമുതല്‍ 1500 കോടിരൂപവരെ ലഭിക്കുമെന്ന് കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദേശീയപാതാ അതോറിറ്റി (എന്‍.എച്ച്.എ.ഐ.) വരുമാനമുണ്ടാക്കാനുള്ള സ്വര്‍ണഖനിയാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ എന്‍.എച്ച്.എ.ഐ.യുടെ വാര്‍ഷിക ടോള്‍ വരുമാനം 1.4 ലക്ഷം കോടി രൂപയിലെത്തുമെന്നും ഗഡ്കരി പറഞ്ഞു. നിലവില്‍ ഇത് 40,000 കോടി രൂപയാണ്.

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ നിര്‍മാണം 2023 മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരത്മാല പരിയോജനയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായാണ് നിര്‍മാണം. 1380 കിലോമീറ്ററാണ് ദൈര്‍ഘ്യം. പ്രതീക്ഷിക്കുന്ന ചെലവ് 98,000 കോടി രൂപ. ഡല്‍ഹി, ഹരിയാണ, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന എട്ടുവരിപ്പാത, ഡല്‍ഹിക്കും മുംബൈയ്ക്കും ഇടയിലുള്ള യാത്രാസമയം 24 മണിക്കൂറില്‍നിന്ന് 12 മണിക്കൂറായി കുറയ്ക്കും. ദൂരം 130 കിലോമീറ്റര്‍ കുറയും.

പാതയുടെ 160 കിലോമീറ്റര്‍ ഹരിയാണയിലൂടെയാണ് കടന്നുപോകുന്നത്. അതില്‍ 130 കിലോമീറ്റര്‍ നിര്‍മിക്കാനുള്ള 10,400 കോടിയുടെ കരാര്‍ നല്‍കിക്കഴിഞ്ഞു. രാജസ്ഥാനിലൂടെ 374 കിലോമീറ്റര്‍ കടന്നുപോകുന്നുണ്ട്. അതിനായി 16,600 കോടി രൂപയുടെ കരാര്‍ നല്‍കിക്കഴിഞ്ഞു. ദൗസയില്‍നിന്ന് നിലവിലെ ആഗ്ര-ജയ്പുര്‍ ഹൈവേയിലേക്ക് കടക്കാന്‍ മാര്‍ഗമുണ്ടാകും. രാജസ്ഥാനിലൂടെയുള്ള ഭാഗങ്ങള്‍ 2022-ല്‍ പൂര്‍ത്തിയാകും.

മധ്യപ്രദേശിലൂടെ 245 കിലോമീറ്റര്‍ കടന്നുപോകുന്നപാതയ്ക്കായി 11,100 കോടിയുടെ കരാറാണ് നല്‍കിയത്. അതില്‍ 100 കിലോമീറ്റര്‍ നിര്‍മിച്ചുകഴിഞ്ഞു. ബാക്കിയുള്ളവയുടെ നിര്‍മാണം നടക്കുന്നുണ്ട്. ചമ്പല്‍ നദിക്കുമുകളില്‍ പ്രത്യേകതയുള്ള പാലവും നിര്‍മിക്കും. 2022 അവസാനത്തോടെ മധ്യപ്രദേശിലൂടെയുള്ള ഭാഗം പൂര്‍ത്തിയാകും. ഗുജറാത്തിലൂടെ പോകുന്ന 423 കിലോമീറ്ററിനായി 35,100 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതില്‍ 390 കിലോമീറ്ററിന് കരാര്‍ നല്‍കിയെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Content Highlights: Longest Expressway In The World, Delhi-Mumbai Expressway, Central Government