ലോക്ഡൗണില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് വാഹനങ്ങളിലുള്ള കറക്കം കൂടുന്നു. 12 ദിവസത്തിനുള്ളില്‍ പോലീസ് പിടിച്ചത് 10,980 വാഹനങ്ങള്‍. മാസ്‌കിടാതെ കറങ്ങിനടന്നവരുടെ എണ്ണം ഒരുലക്ഷത്തോളം കുറഞ്ഞപ്പോഴാണ് വാഹനങ്ങള്‍ പിടിക്കുന്നത് കൂടിയത്. 

മേയ് എട്ടുമുതല്‍ 19 വരെയുള്ള കണക്കുപ്രകാരം ദിവസം ശരാശരി ആയിരം വാഹനങ്ങള്‍ പിടിക്കേണ്ടിവന്നുവെന്ന് പോലീസ് പറയുന്നു. ലോക്ഡൗണിന് മുമ്പുള്ള 10 ദിവസം പിടിച്ചത് 1245 എണ്ണം മാത്രമായിരുന്നു. കൂടുതല്‍ വാഹനങ്ങള്‍ പിടിയിലായത് ട്രിപ്പിള്‍ ലോക്ഡൗണുള്ള എറണാകുളത്തും തിരുവനന്തപുരത്തുമാണ്. 

അനാവശ്യമായി വണ്ടിയുമായി പുറത്തിറങ്ങിയവര്‍ക്കെതിരെയാണ് കൂടുതല്‍ കേസുകളും വന്നിട്ടുള്ളത്. മാസ്‌ക് ധരിക്കാതെയും തിങ്ങിനിറഞ്ഞും യാത്രചെയ്തവരും പിടിയിലായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനാല്‍ കൂടുതല്‍ പേര്‍ പുറത്തിറങ്ങാന്‍ പ്രവണത കാണിക്കുന്നുണ്ടെന്ന് കണ്ണൂര്‍ സിറ്റി എ.സി.പി. പി.ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

മുന്നില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ജില്ലകള്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച വാഹനങ്ങള്‍ പിടിച്ചെടുത്ത കേസില്‍ മുന്നില്‍ ട്രിപ്പിള്‍ ലോക്ക്ഡക്ഡൗണുള്ള എറണാകുളം ജില്ലയാണ്. ഇവിടെ 2256 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. എറണാകുളം റൂറലില്‍ 1599-ഉം സിറ്റിയില്‍ 657-ഉം കേസുകള്‍. തിരുവനന്തപുരം ജില്ലയില്‍ റൂറലിലും സിറ്റിയിലുമായി 1934 കേസുകളാണുള്ളത്. റൂറല്‍ പരിധിയില്‍ 1827-ഉം സിറ്റിയില്‍ 107-ഉം. 

തൃശ്ശൂര്‍ റൂറലിലും സിറ്റിയിലുമായി 1262-ഉം മലപ്പുറത്ത് 300-ഉം കേസുകളെടുത്തു. കോട്ടയം-1653, ആലപ്പുഴ-1465, കണ്ണൂര്‍ (സിറ്റി, റൂറല്‍)-855, കോഴിക്കോട് (സിറ്റി, റൂറല്‍)-551, പാലക്കാട്-322, വയനാട്-119, കൊല്ലം (റൂറല്‍, സിറ്റി)-114, ഇടുക്കി-93, പത്തനംതിട്ട-43, കാസര്‍കോട്-23 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.

Content Highlights: Lockdown Violation; Police Charged Case Against 10980 Vehicle Across State