കണ്ണൂര്‍: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള നൂറുകണക്കിന് വാഹനങ്ങള്‍ അനാഥമാവുകയോ ഉപയോഗിക്കാതെ നശിക്കുകയോ ചെയ്യുന്നതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് കണ്ടെത്തല്‍.

കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്നത്. കൃത്യമായി അറ്റകുറ്റപ്പണി നടത്താതെ വാഹനങ്ങള്‍ തള്ളുകയും പുതിയവയ്ക്ക് ഓര്‍ഡര്‍ നല്‍കുകയുമാണ് പല നഗരസഭകളുടെയും സമീപനം. ആറു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും തൊണ്ണൂറോളം നഗരസഭകളും ഓഡിറ്റിന് വിധേയമാക്കിയപ്പോള്‍ നൂറുകണക്കിന് വാഹനങ്ങള്‍ തുരുമ്പെടുക്കുന്നതായി കണ്ടെത്തി. കെട്ടിടനിര്‍മാണച്ചട്ടങ്ങളുടെ പേരില്‍ കര്‍ശനനിബന്ധനകാണിക്കുന്ന നഗരസഭകള്‍ സ്വന്തം വാഹനങ്ങള്‍ പരിപാലിക്കുന്നതില്‍ ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നത്.

2000-ത്തിലെ കേരള മുനിസിപ്പാലിറ്റി (മോട്ടോര്‍വാഹനങ്ങളുടെ ഉപയോഗവും പരിപാലനവും) ചട്ടങ്ങള്‍ പ്രകാരമാണോ വാഹനങ്ങളുടെ ഉപയോഗവും പരിപാലനവും നടക്കുന്നതെന്ന പരിശോധനയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. പരിശോധനാവിധേയമാക്കിയ നഗരസഭകളിലെ 35 ശതമാനം വാഹനങ്ങളും ഒന്നരവര്‍ഷം മുതല്‍ എട്ടുവര്‍ഷം വരെ ഉപയോഗരഹിതമാണ്. 

പാലക്കാട് നഗരസഭയില്‍ 12 ടില്ലറുകളാണ് സ്പെയര്‍പാര്‍ട്ടുകള്‍ ലഭ്യമല്ലെന്നു പറഞ്ഞ് കട്ടപ്പുറത്തുള്ളത്. 2012-ല്‍ കണ്ടെത്തിയ പ്രശ്നം 2019-ലും ശരിയാക്കിയില്ല. കൊച്ചി നഗരസഭയില്‍ 46 വാഹനങ്ങള്‍ ആറുമാസം മുതല്‍ 47 മാസം വരെ കട്ടപ്പുറത്താണ്. കോഴിക്കോട്ട് 22 വാഹനങ്ങളും കണ്ണൂരില്‍ ആറു വാഹനങ്ങളും തൃശ്ശൂരില്‍ ആറു വാഹനങ്ങളും വര്‍ഷങ്ങളായി കട്ടപ്പുറത്താണ്. പല നഗരസഭകളിലും വാഹന ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ വന്ന വീഴ്ചയാണ് മാലിന്യനിര്‍മാര്‍ജനത്തിനായി വാങ്ങിയ മിക്ക വാഹനങ്ങളും ഉപയോഗിക്കാതിരിക്കാന്‍ കാരണം. കോട്ടയത്ത് ഈ വിഭാഗത്തില്‍ ടിപ്പറും ട്രാക്ടറും ഉള്‍പ്പെടെ ഒമ്പത് വാഹനങ്ങളാണ് ഉപയോഗരഹിതമായിരിക്കുന്നത്. തിരുവനന്തപുരത്ത് 16 ടിപ്പര്‍ലോറികളും രണ്ട് എസ്‌കവേറ്ററുമുള്‍പ്പെടെ 25 വാഹനങ്ങള്‍ ഉപയോഗിക്കുന്നില്ല. കൊല്ലത്ത് 105 വാഹനങ്ങള്‍. മൊത്തം കണക്കെടുത്താല്‍ ഇത് 800-ലധികം വരും.

കൊല്ലത്ത് 2015 മുതല്‍ ഒരു ടിപ്പര്‍, രണ്ട് ട്രാക്റ്റര്‍, ഒരു എസ്‌കവേറ്റര്‍ തുടങ്ങിയവ ഉപയോഗിക്കാതെവെക്കുമ്പോഴാണ് തൊട്ടടുത്ത വര്‍ഷം 34.73 ലക്ഷം ചെലവഴിച്ച് രണ്ട് ടിപ്പറും ഒരു എസ്‌കവേറ്ററും ഒരു ബൊലേറോ വാനും വാങ്ങിയത്. തൊട്ടടുത്ത വര്‍ഷം വീണ്ടും 67.72 ലക്ഷത്തിന്റെ വാഹനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയും തുടങ്ങി. ഇതേ കോര്‍പ്പറേഷനില്‍ 2013-14 വര്‍ഷത്തില്‍ 18 ലക്ഷം രൂപ നല്‍കി ആധുനിക ആംബുലന്‍സിനായി ബുക്ക്ചെയ്തിരുന്നു. പക്ഷേ, ഇന്നുവരെ ലഭിച്ചിട്ടില്ല.

മാലിന്യനിര്‍മാര്‍ജനത്തിനായി വാങ്ങിയ വാഹനങ്ങളാണ് കൂടുതലും ഉപയോഗശൂന്യമായിക്കിടക്കുന്നത്. വിലകൂടിയ വാഹനങ്ങളായതിനാല്‍ വന്‍ നഷ്ടമാണ് നഗരസഭകള്‍ക്കുള്ളത്. വാഹനപരിപാലനം പലപ്പോഴും ചട്ടങ്ങള്‍ക്കും ഉത്തരവുകള്‍ക്കുമനുസൃതമായല്ല നടക്കുന്നതെന്നും ലോക്കല്‍ ഫണ്ട് ഓഡിറ്റ് കുറ്റപ്പെടുത്തുന്നു. പുതിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം വാടകവാഹനങ്ങളുപയോഗിച്ചാല്‍ നഷ്ടം വന്‍തോതില്‍ കുറയ്ക്കാന്‍ പറ്റുമെന്നാണ് ഓഡിറ്റ് നിരീക്ഷണം. 

Content Highlights; Local Fund Audit Report