കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ 24 മണിക്കൂറും സന്നദ്ധമായ വാഹനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ആംബുലന്‍സുകള്‍, സ്വകാര്യവാഹനങ്ങള്‍ എന്നിവ കോവിഡ് മാനദണ്ഡവും സുരക്ഷാക്രമീകരണവും പാലിച്ച് ഏര്‍പ്പെടുത്തണമെന്നാണ് തദ്ദേശവകുപ്പ് നിര്‍ദേശിച്ചത്.

തദ്ദേശതലത്തില്‍ ഇതിനായി കണ്‍ട്രോള്‍റൂമും അവിടെ ബന്ധപ്പെട്ടാല്‍ അഞ്ചുമിനിറ്റിനകം വാഹനം ഉറപ്പാക്കാന്‍ ക്രമീകരണവും വേണം. പഞ്ചായത്തുകളില്‍ അഞ്ച്, നഗരസഭകളില്‍ 10, കോര്‍പ്പറേഷനുകളില്‍ 20 എന്നിങ്ങനെയാണ് മിനിമം വേണ്ട വാഹനങ്ങളുടെ എണ്ണം. കോവിഡ് ഇതരരോഗികള്‍ക്കും ആശുപത്രിയിലെത്താന്‍ ആവശ്യമെങ്കില്‍ വാഹനങ്ങള്‍ നല്‍കാം. 

ഉപയോഗമില്ലാതെ വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യവാഹനങ്ങള്‍ ഉടമയുടെ പൂര്‍ണസമ്മതമുണ്ടെങ്കില്‍ ഏറ്റെടുത്ത് ഉപയോഗിക്കാം. ഓരോ പ്രദേശത്തെയും ആംബുലന്‍സ് സേവനദാതാക്കളുമായും ഇക്കാര്യത്തില്‍ ബന്ധപ്പെടണം. വാഹനവാടക നല്‍കാന്‍ കെല്‍പ്പുള്ള രോഗികളില്‍നിന്ന് പിന്നീട് വാടക ഈടാക്കി പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണം.

രോഗബാധിതരെന്ന് സംശയിക്കുന്നവരെ പരിശോധനാ കേന്ദ്രങ്ങളിലും തിരികെയും എത്തിക്കുന്നിന് ബാധ്യതയുണ്ട്. രോഗികളെ ചികിത്സാകേന്ദ്രത്തിലെത്തിക്കുന്നതിനും ഉയര്‍ന്ന ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുന്നതിനും വാഹനസൗകര്യം നല്‍കണം. വാഹനങ്ങള്‍ ആരെങ്കിലും സ്പോണ്‍സര്‍ ചെയ്താല്‍ ഡ്രൈവറായി സന്നദ്ധസേനാംഗങ്ങളെ നിയോഗിക്കാം. 

വാഹനങ്ങളുടെ വിനിയോഗവും കാര്യനിര്‍വഹണ സംവിധാനവും ഡൊമിസിലിയറി കെയര്‍ സെന്ററുകളുമായി ബന്ധപ്പെടുത്തുന്നത് നന്ന്. പാര്‍ക്കിങ്, ഡ്രൈവര്‍മാരുടെ താമസം എന്നിവ ഇവിടെയാക്കിയാല്‍ വാഹനം യഥാസമയം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിനും ആശയവിനിമയത്തിനും സൗകര്യമാവും.

Content Highlights; Local Authorities Ensure The Vehicle For  Covid patients