പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് തിങ്കളാഴ്ച മുതല്‍ ഓട്ടോമെറ്റിക് ഇ- വാഹനങ്ങളും ഉപയോഗിക്കാനാകും. ഡ്രൈവിങ് ടെസ്റ്റിനുള്ള 'എച്ച്, റോഡ് ടെസ്റ്റുകള്‍ക്ക് ഗിയര്‍ ഇല്ലാത്ത വാഹനങ്ങളും ഉപയോഗിക്കാന്‍ ശനിയാഴ്ചയാണ് അനുമതി നല്‍കിയത്. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍ ടെസ്റ്റില്‍ പങ്കെടുക്കാം.
അതേസമയം, ഡ്രൈവിങ് സ്‌കൂളുകളുടെ ഓട്ടോമെറ്റിക് വാഹനങ്ങള്‍ മോട്ടോര്‍വാഹനവകുപ്പില്‍ രജിസ്ട്രര്‍ ചെയ്യാന്‍ ചെറിയ കാലതാമസമുണ്ടാകും. പരിശീലകന് കൂടി നിയന്ത്രിക്കാന്‍ കഴിയുന്ന ഇരട്ട ബ്രേക്ക്പെഡല്‍ വാഹനങ്ങളില്‍ സജ്ജീകരിക്കേണ്ടതുണ്ട്. ഇവ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ഡ്രൈവിങ് സ്‌കൂള്‍ വാഹനമായി അംഗീകാരം ലഭിക്കുകയുള്ളൂ.
ഇതിന് ശേഷം ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാനാകും. ഓട്ടോമാറ്റിക് വാഹനങ്ങള്‍ പഠനത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതുവരെ ടെസ്റ്റിന് ഉപയോഗിച്ചിരുന്നില്ല. ഇ- വാഹനങ്ങള്‍ ഉപയോഗിക്കണമെങ്കിലും ഇത്തരം ക്രമീകരണം ഏര്‍പ്പെടുത്തേണ്ടിവരും. സ്ത്രീകള്‍ ഉള്‍പ്പെടെ ഓട്ടോമാറ്റിക് വാഹനം ഓടിക്കാന്‍ താത്പര്യപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം പുതിയ ടെസ്റ്റിങ് സംവിധാനം ഗുണകരമാണ്.
നേരത്തെ ഗിയര്‍വാഹനങ്ങളില്‍ ടെസ്റ്റ് പാസാകണമായിരുന്നു. അതിന് വേണ്ടി മാത്രം ഗിയര്‍ വാഹനങ്ങള്‍ ഓടിച്ച് പഠിക്കേണ്ടിയിരുന്നു. ക്ലച്ച് ഉപയോഗിക്കാന്‍ പരിചയമില്ലാത്ത നിരവധി പേര്‍ പരാജയപ്പെട്ടിരുന്നു. ലൈറ്റ്മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സിന് (എല്‍.എം.വി) ഗിയറുള്ളതും ഇല്ലാത്തതുമായി വകഭേദങ്ങളില്ല.
ഓട്ടോമെറ്റിക് വാഹനം ഉപയോഗിച്ചുള്ള ഡ്രൈവിങ് ടെസ്റ്റ് എല്‍.എം.വി ലൈസന്‍സിനുള്ള കുറുക്കുവഴിയാകുമെന്ന് ആക്ഷേപമുണ്ട്. എല്‍.എം.വി ലൈസന്‍സ് ഉള്ളവര്‍ക്ക് ഓട്ടോറിക്ഷ മുതല്‍ ഏഴര ടണ്ണില്‍ താഴെ ഭാരമുള്ള വാഹനങ്ങളെല്ലാം ഓടിക്കാനാകും. മിനി ലോറികളും, സ്‌കൂള്‍വാനുകളും എല്‍എം.വി വിഭാഗത്തില്‍ ഉള്‍പ്പെടും.
ഓട്ടോമാറ്റിക് വാഹനങ്ങളിലൂടെ ലൈസന്‍സ് ലഭിക്കുന്നവര്‍ മതിയായി പരിചയമില്ലാതെ ഗിയര്‍വാഹനങ്ങളുമായി നിരത്തില്‍ ഇറങ്ങിയാല്‍ അപകടസാധ്യതയുണ്ട്. ഇരുചക്രവാഹനങ്ങളില്‍ ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായി രണ്ടു വിഭാഗങ്ങളുണ്ട്. എല്‍.എം.വിയിലും ഇത്തരം രണ്ട് വിഭാഗങ്ങളുണ്ടായിരുന്നുവെങ്കില്‍ അപാകം തടയാന്‍ കഴിയുമായിരുന്നു. കേന്ദ്രമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്.
Content Highlights: Licence holders can use automatic cars for driving licence test, Automatic car, Driving Test
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..