ട്രാഫിക് സംവിധാനം കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവും ആക്കുന്നതിന്റെ ഭാഗമായി എല്‍.ഇ.ഡി. ട്രാഫിക് ലൈറ്റ് പോളുകള്‍ സ്ഥാപിച്ച് ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബി.എം.സി). മുംബൈയിലെ ഗോരേഗാവിലാണ് എല്‍.ഇ.ഡി. ട്രാഫിക് പോള്‍ സ്ഥാപിച്ചിരിക്കുന്നത്. മുംബൈയില്‍ ഒരുങ്ങുന്ന രണ്ടാമത്തെ എല്‍.ഇ.ഡി. ട്രാഫിക് ലൈറ്റ് പോളാണ് ഇത്. വെര്‍ളിയിലാണ് ആദ്യത്തേത്.

മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രിയായ ആദിത്യ താക്കറെയാണ് ഈ ആശയം അവതരിപ്പിക്കുന്നത്. ഇതേതുടര്‍ന്ന് ഈ വര്‍ഷം ആദ്യം വെര്‍ളിയില്‍ എല്‍.ഇ.ഡി. പോള്‍ സ്ഥാപിക്കുകയായിരുന്നു. രാത്രിയിലും പകലും വാഹനമോടിക്കുന്നവര്‍ക്ക് കൂടുതല്‍ സിഗ്‌നലുകളില്‍ ശ്രദ്ധ ലഭിക്കുന്നതിനായാണ് ഇത്തരത്തിലുള്ള എല്‍.ഇ.ഡി. ലൈറ്റ് പോളുകള്‍ സ്ഥാപിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.

ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ പോലെ ഇതിന്റെ പോസ്റ്റുകളും പ്രകാശിക്കുന്ന തരത്തിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. ചുവപ്പ്, പച്ച, മഞ്ഞ എന്നീ ലൈറ്റ് മാറുന്നതിനൊപ്പം സിഗ്നല്‍ പോസ്റ്റിലെ ഈ നിറങ്ങളിലുള്ള എല്‍.ഇ.ഡി. ലൈറ്റുകള്‍ പ്രകാശിക്കുന്ന തരത്തിലാണ് എല്‍.ഇ.ഡി. ട്രാഫിക് ലൈറ്റ് പോളുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. എക്‌സ്പ്രസ് ഹൈവേയിലും ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്. 

എല്‍.ഇ.ഡി. ട്രാഫിക് ലൈറ്റ് പോളുകള്‍ നഗരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം അപകടങ്ങള്‍ കുറയ്ക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍. തൂണുകളിലും പ്രകാശം നല്‍കിയതോടെ ഇവ ഡ്രൈവര്‍മാരുടെ ശ്രദ്ധ കൂടുതലായി ആകര്‍ഷിക്കുമെന്നുമാണ് കരുതുന്നത്. വശങ്ങളിലേക്ക് തിരിയുന്നതിനുള്ള ആരോ മാര്‍ക്കുകളും എല്‍.ഇ.ഡി. ലൈറ്റ് ഉപയോഗിച്ച് ഒരുക്കിയിട്ടുണ്ട്.

Content Highlights; LED Signal Light Polls In Mumbai, BMC