പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
നിരത്തുകളില്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആറുവരി, നാലുവരി ദേശിയ-സംസ്ഥാന പാതകളില്‍ ലെയ്ന്‍ ട്രാഫിക് നിയമം കര്‍ശനമാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. വേഗനിയന്ത്രണമുള്ള വാഹനങ്ങള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് യാത്ര ചെയ്യണമെന്നും മറ്റ് വാഹനങ്ങള്‍ക്ക് സുഖമമായ യാത്രയ്ക്ക് സൗകര്യം ഒരുക്കണമെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ എക്‌സ്പ്രസ് വേ ഉള്‍പ്പെടെയുള്ളവയില്‍ ഈ നിയമം ഇതിനോടകം നടപ്പാക്കിയിട്ടുമുള്ളതാണ്.
നാലുവരി, ആറുവരി പാതകളില്‍ വാഹനങ്ങള്‍ ഇടതുട്രാക്കിലൂടെ പോകണമെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് ലെയ്ന്‍ ട്രാഫിക് നിയമം. മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോള്‍ മാത്രമേ വലതുട്രാക്കിലേക്ക് പ്രവേശിക്കാവൂ. മറികടക്കുന്ന സമയത്ത് വലതുട്രാക്കിലേക്ക് കടക്കുകയാണെന്നു സൂചിപ്പിക്കാന്‍ ഇന്‍ഡിക്കേറ്റര്‍ ഇടണം. വാഹനത്തെ മറികടന്ന് വീണ്ടും ഇടതുട്രാക്കിലേക്ക് പ്രവേശിച്ചു യാത്രതുടരണം. ഇടതുട്രാക്കിലേക്കു പ്രവേശിക്കുമ്പോഴും ഇന്‍ഡിക്കേറ്റര്‍ ഇടണം.
ചരക്കുവാഹനം, സര്‍വീസ് ബസുകള്‍ തുടങ്ങിയ വലിയ യാത്രാവാഹനങ്ങള്‍, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവയാണ് വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍. ഇവ ഇടതുട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ. വേഗപരിധി കൂടിയ കാര്‍, ജീപ്പ്, മിനി വാന്‍ തുടങ്ങിയവയ്ക്ക് വേഗത്തില്‍ യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. അതേസമയം, ഇവ വേഗം കുറച്ചാണ് പോകുന്നതെങ്കില്‍ ഇടതുട്രാക്ക് ഉപയോഗിക്കണം. ലെയ്ന്‍ ട്രാഫിക് സംവിധാനം സംബന്ധിച്ച് കൂടുതല്‍ നിര്‍ദേശങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ എം.വി.ഡി. പങ്കുവെച്ചിരിക്കുന്നത്.
മോട്ടോര്‍ വെഹിക്കിള്‍സ് (ഡ്രൈവിങ്ങ്) റെഗുലേഷന്‍സ് 2017-ലെ ക്ലോസ് 2,4,6 എന്നിവയിലാണ് പ്രധാനമായും ലെയ്ന്‍ ട്രാഫിക്കിള്‍ വാഹനം ഓടിക്കേണ്ട സുരക്ഷ നിര്‍ദേശങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത്. ലെയ്ന്‍ എന്നാല്‍ ഇടവഴി എന്നാണര്‍ഥം. വെള്ളവരകള്‍ അഥവ വൈറ്റ് ലൈന്‍ കൊണ്ട് ഒരു ഹെവി വാഹനത്തിന് കഷ്ടിച്ച് ഓടിച്ച് പോകാനുള്ള വീതിയില്‍ വേര്‍തിരിച്ചിട്ടുള്ള റോഡിന്റെ ഭാഗത്തെയാണ് ഇടവഴി അഥവാ ലെയ്ന്‍ എന്ന് വിശേഷിപ്പിക്കുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിക്കുന്നത്.
ഡ്രൈവിങ്ങ് റെഗുലേഷനിലെ 4(5),6 ഭാഗങ്ങളിലാണ് യഥാക്രമം റോഡിന്റെ ഉപയോഗം, ലെയ്ന്‍ ട്രാഫിക്കില്‍ വാഹനങ്ങള്‍ ഓടിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. ഒരേ ദിശയില്‍ നിരവധി ലെയ്‌നുകളുള്ള റോഡില്‍ ഹെവി വാഹനങ്ങളും വേഗത നിയന്ത്രണമുള്ള വാഹനങ്ങളും ഇടത് വശം ചേര്‍ന്ന് മാത്രമേ ഓടിക്കാന്‍ പാടുള്ളൂവെന്നതാണ് ഇതില്‍ പ്രധാനമായും നിര്‍ദേശിക്കുന്നത്. മറ്റ് വാഹനത്തെ മറിക്കടക്കാന്‍ വലത് ട്രാക്കിലേക്ക് മാറിയാലും അതിനുശേഷം വീണ്ടും ഇടത് ലെയ്‌നില്‍ തുടരണം.
ഓവര്‍ടേക്ക് ചെയ്യുമ്പോഴും ക്യാരേജ് വേ മാറുമ്പോഴും കൃത്യമായി ഇന്‍ഡിക്കേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് വേണം ഡ്രൈവ് ചെയ്യാന്‍. വാഹനത്തിന്റെ ഉള്ളിലും പുറത്തുമായി നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിററുകള്‍ ഉപയോഗിക്കുന്ന അപകട രഹിതമായ യാത്രകള്‍ക്ക് സഹായിക്കും. എന്നാല്‍, മിററുകളിലെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ സംബന്ധിച്ച് വ്യക്തമായ ധാരണയോട് കൂടിയായിരിക്കണം വാഹനമോടിക്കാനെന്നതും സുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രധാനപ്പെട്ട കാര്യമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്നത്.
Content Highlights: Lane traffic rules in four,Six lane roads, MVD Kerala, Lane Traffic Rules, Lane Traffic Control
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..