ര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനി വനിതകള്‍ക്കും ഡ്രൈവര്‍മാരാകാം. ഇതിനായി നിലവിലുള്ള നിയമനചട്ടങ്ങള്‍ ഭേദഗതിചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. സാമൂഹികനീതിവകുപ്പാണ് നിര്‍ദേശം അവതരിപ്പിച്ചത്. 

മന്ത്രിസഭയുടെ അനുമതിലഭിച്ചതോടെ കരട് ഭേദഗതി ചട്ടം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പു തയ്യാറാക്കും. ഇത് പി.എസ്.സി. അംഗീകരിച്ചാല്‍ വിജ്ഞാപനം ചെയ്യും. തുടര്‍ന്നുള്ള തൊഴില്‍ വിജ്ഞാപനങ്ങളില്‍ വനിതകളെയും ഉള്‍പ്പെടുത്തും. 

വ്യത്യസ്ത റാങ്ക് ലിസ്റ്റ് വേണമോ എന്നകാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകും. എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.

അഗ്‌നിരക്ഷാസേനയില്‍ വനിതകള്‍ക്കായി ഒരുവിഭാഗം രൂപവത്കരിക്കാന്‍ തീരുമാനിച്ചിരുന്നു. പോലീസില്‍ വനിതകള്‍ക്ക് മാത്രമായി ഒരു ബറ്റാലിയനും യാഥാര്‍ഥ്യമായി. കെ.എസ്.ആര്‍.ടി.സി.യില്‍ വനിതാ ഡ്രൈവര്‍മാരെ നിയമിച്ചിരുന്നെങ്കിലും ഒരാളൊഴികെ മറ്റെല്ലാവരും ഉപേക്ഷിച്ചുപോയി. പെരുമ്പാവുര്‍ സ്വദേശി വി.പി. ഷീലയാണ് നിലവിലുള്ള ഏക ഡ്രൈവര്‍.

പിങ്ക് പോലീസ് വാഹനത്തില്‍ വനിതകളാണ് ഡ്രൈവര്‍. കുടുംബശ്രീയും വനിതാവികസന കോര്‍പ്പറേഷനും വനിതാ ഡ്രൈവര്‍മാരെ ഉപയോഗിച്ച് ടാക്‌സി സര്‍വീസും നടത്തുന്നുണ്ട്. 

സര്‍ക്കാര്‍, പൊതുമേഖലാതലത്തില്‍ സ്ത്രീകള്‍ ഡ്രൈവര്‍മാരായി സേവനമനുഷ്ഠിക്കുന്നതിന് തടസ്സമില്ലെന്ന് വനിതാ ശിശുവകിസന വകുപ്പ് കണ്ടെത്തിയിരുന്നുവെന്നും അതിലൂടെ നിരവധി സ്ത്രീകള്‍ക്ക് തൊഴിലവസരം ലഭിക്കുമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

Content Highlights: Lady Drivers In Government Department Vehicles