പ്രകൃതിസൗഹൃദ വാഹനത്തിലേക്കു മാറിയവര്‍ വന്‍ പ്രതിസന്ധിയില്‍. സി.എന്‍.ജി. വാഹന ഉടമകളാണ് ഹൈഡ്രോ ടെസ്റ്റിനു സംവിധാനമില്ലാതെ വാഹനം കട്ടപ്പുറത്താക്കേണ്ട ഗതികേടിലായത്. വാഹനങ്ങളുടെ സിലിന്‍ഡറിന്റെ സുരക്ഷാ പരിശോധനയ്ക്കുള്ള ഹൈഡ്രോ ടെസ്റ്റിനാണ് കേരളത്തില്‍ സംവിധാനമില്ലാത്തത്. 

മൂന്നുവര്‍ഷം കൂടുമ്പോള്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. ഇതു കഴിഞ്ഞാലേ പമ്പുകളില്‍നിന്ന് ഇന്ധനം നിറയ്ക്കാനാകൂ. ടെസ്റ്റിനായി ഹൈദരാബാദിലേക്കും നാഗ്പുരിലേക്കും സിലിന്‍ഡര്‍ കൊണ്ടുപോകേണ്ട അവസ്ഥയാണ്. ഏറ്റവുമാദ്യം സി.എന്‍.ജി.യിലേക്കു മാറിയ ഓട്ടോറിക്ഷ തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. 

സിലിന്‍ഡറിന്റെ കാലാവധി തീര്‍ന്നവര്‍ക്ക് പമ്പില്‍നിന്നു ഗ്യാസ് ലഭിക്കാതായപ്പോഴാണ് ഗൗരവം മനസ്സിലാകുന്നത്. ഓട്ടോ ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയായി. 7500-ലധികം സി.എന്‍.ജി. ഓട്ടോകളുണ്ട്. പെട്രോളിനേക്കാള്‍ ലാഭമായതുകൊണ്ടും പ്രകൃതിസൗഹൃദ ഇന്ധനമായതുകൊണ്ടും കൂടുതല്‍ വാഹനങ്ങള്‍ സി.എന്‍.ജി.യിലേക്കു മാറുന്നുണ്ട്.

ഹൈഡ്രോ ടെസ്റ്റിന് 1500 രൂപയാണ് ചെലവ്. പക്ഷേ, സിലിന്‍ഡറുമായി കേരളത്തിനു പുറത്തേക്കു പോകുമ്പോള്‍ പണച്ചെലവും കാലതാമസവുമുണ്ടാകും. ഓട്ടോറിക്ഷകള്‍ക്കു ശേഷം സി.എന്‍.ജി. വന്ന ബസുകള്‍ക്കും മൂന്നുവര്‍ഷമാകുമ്പോള്‍ ഇതേ പ്രതിസന്ധിയുണ്ടാകും. കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ സി.എന്‍.ജി.യിലേക്കു മാറുന്നതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടണമെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം.

ഹെഡ്രോ ടെസ്റ്റ് കാലാവധി നീട്ടണം

ടെസ്റ്റിനുള്ള കാലാവധി തുടക്കത്തില്‍ 10 വര്‍ഷമായിരുന്നു. പിന്നീട് മൂന്നാക്കി. അത് അഞ്ചാക്കണം. പ്രശ്‌നപരിഹാരത്തിനു നടപടിയുണ്ടായില്ലെങ്കില്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധം നടത്തും.
എം.ബി. സ്യമന്ത ഭദ്രന്‍, ഓട്ടോറിക്ഷാ സംഹകരണ സംഘം പ്രസിഡന്റ്.

Content Highlights: Lack Of Hydro Test Facility, CNG Vehicle Facing Crisis