പാണത്തൂര്‍ പരിയാരത്ത് കഴിഞ്ഞദിവസം വിവാഹസംഘം സഞ്ചരിച്ച ബസപകടത്തില്‍പ്പെടാന്‍ കാരണം ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍. പുത്തൂര്‍ ബല്‍നാടുനിന്ന് കരിക്കെ ചെത്തുകയയിലെ വിവാഹവീട്ടിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഏഴുപേര്‍ മരിച്ചിരുന്നു. കാസര്‍കോട് ആര്‍.ടി.ഒ. എ.കെ.രാധാകൃഷ്ണന്‍, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ടി.എം.ജര്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അപകടം നടന്ന സ്ഥലവും ബസും പരിശോധന നടത്തി. 

അപകടത്തിനിടയാക്കിയ ബസിന്റെ ഗിയര്‍ കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോള്‍ ഉണ്ടാകേണ്ട സ്ഥിതിയിലായിരുന്നില്ല. മൂന്നുദിവസം മുന്‍പ് മാത്രമാണ് ഡ്രൈവര്‍ ബസില്‍ ജോലിക്ക് കയറിയത്. അതുകൊണ്ടുതന്നെ പരിചയക്കുറവും റോഡിനെക്കുറിച്ച് ധാരണയില്ലാത്തതും അപകടകാരണമായി. ബസില്‍ പരിധിയില്‍ക്കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായിരുന്നതും അപകടത്തിന്റെ തോതുകൂട്ടി.

നിലവില്‍ ബസിന് യന്ത്രത്തകരാറുകളോ മറ്റ് സാങ്കേതികപ്രശ്‌നങ്ങളോ കണ്ടെത്താനായിട്ടില്ല. ബസ് ഉയര്‍ത്തി കൂടുതല്‍ പരിശോധനകള്‍ നടത്താനുണ്ട്. 2023 വരെ സര്‍വീസ് നടത്താനുള്ള കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതി ബസിനുണ്ട്.

വാഹനം കടന്നുവന്ന പാതയില്‍ സംസ്ഥാന ചെക്പോസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ താത്കാലിക പ്രവേശനാനുമതി എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. വാഹനത്തിന് സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുമതിയില്ലെങ്കിലും അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും വീട് തകര്‍ന്നവര്‍ക്കുമടക്കം ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹതയുള്ളതായും സംഘം അറിയിച്ചു. 

കാഞ്ഞങ്ങാട് ജോ. ആര്‍.ടി.ഒ. എച്ച്.എസ്.ചഗ്ള, വെള്ളരിക്കുണ്ട് ജോ. ആര്‍.ഡി.ഒ. കെ.ഉഷ, എം.വി.ഐ. എം.വിജയന്‍, എന്‍ഫോഴ്സ്മെന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു. രാജപുരം ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ്, മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, അമ്പലത്തറ, ചിറ്റാരിക്കാല്‍ സ്റ്റേഷനുകളിലെ എസ്.ഐ.മാര്‍ അടങ്ങുന്ന പ്രത്യേകസംഘത്തിനാണ് അന്വേഷണ ചുമതല.

Content Highlights: Lack Of Experience, Driver’s Negligence Caused Panathur Bus Accident, Says RTO