ആക്രിവിലയ്ക്ക് വിറ്റ 'ജന്റം' ബസുകൾ എറണാകുളം കെ.എസ്.ആർ.ടി.സി. യാർഡിൽനിന്ന് സേലത്തേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: മാതൃഭൂമി
ആക്രിവിലയ്ക്ക് വിറ്റ കെ.യു.ആര്.ടി.സി. ജന്റം ലോഫ്ളോര്‍ ബസുകള്‍ എറണാകുളത്തുനിന്ന് കൊണ്ടുപോയി. ബസുകള്‍ വാങ്ങിയ തമിഴ്നാട് സ്വദേശിയുടെ പണിക്കാര് എത്തി എറണാകുളം സ്റ്റാന്‍ഡിനടുത്ത് യാര്‍ഡില്‍നിന്ന് ക്രെയിനുകള്‍ കൊണ്ട് കെട്ടിവലിച്ചാണ് വെള്ളിയാഴ്ച രാത്രി നാല് ബസുകള്‍ സേലത്തേക്ക് കൊണ്ടുപോയത്.
ചിലതിന്റെ മുന്‍ ടയറുകളും മറ്റും ഇല്ലാത്ത നിലയിലായിരുന്നു. പിന്‍ചക്രങ്ങള്‍ വെള്ളത്തിലും ചെളിയിലുമായി ഉറച്ചു കിടക്കുകയായിരുന്നു. ഒന്‍പത് ബസുകളാണ് ഇനി കൊണ്ടുപോകാനുള്ളത്. പല ഡിപ്പോകളില്‍ നിന്നായി കൊണ്ടുവന്നിട്ട വണ്ടികളാണ് ഇവ.
ഒന്‍പതു മുതല്‍ 16 വര്‍ഷം വരെ ഉപയോഗിച്ച വണ്ടികളാണ് സ്ക്രാപ്പായി കെ.എസ്.ആര്.ടി.സി. കണക്കാക്കുന്നത്. ആകെ 920 ബസുകളാണ് ഉപയോഗിക്കാനാവാത്ത നിലയില്‍ ഉള്ളത്. ഇതില്‍ 681 എണ്ണം സാധാരണ ബസുകളും 230 എണ്ണം ജന്റം ബസുകളുമാണ്.
സര്‍വീസിന് കഴിയാത്ത വിധം തകരാറിലായ ബസുകള്‍ യഥാസമയം വില്‍ക്കാതെ ഇരുമ്പ് (സ്ക്രാപ്പ്) വിലയ്ക്ക് വില്‍ക്കാനായി ഉപേക്ഷിക്കുന്ന കെ.എസ്.ആര്.ടി.സി. നടപടിയെ ഹൈക്കോടതി ഈയടുത്ത് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തകരാറിലായതും മൈലേജ് ഇല്ലാത്തതുമായ ബസുകള്‍ യഥാസമയം വിറ്റാല്‍ എത്ര വില കിട്ടും. അങ്ങനെയല്ലേ സ്വകാര്യ ബസുടമകളൊക്കെ ചെയ്യുന്നതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രനും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷന് ബെഞ്ച് ചോദിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..