കെ.എസ്.ആർ.ടി.സി ബസ് | Photo: Cherthala Ksrtc Depot
തീരെ നഷ്ടത്തിലുള്ള സര്‍വീസുകള്‍ പുനഃക്രമീകരിക്കാന്‍ നടപടിയുമായി കെ.എസ്.ആര്.ടി.സി. കിലോമീറ്ററിന് 25 രൂപയെങ്കിലും വരുമാനമില്ലാത്ത സര്‍വീസുകളാണ് പുനഃക്രമീകരിക്കാന്‍ നടപടി സ്വീകരിക്കുന്നത്. ഇതിന് അതത് സ്റ്റേഷന് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ജീവനക്കാരുടെ ശമ്പളം, പെന്ഷന് എന്നിവ വിതരണം ചെയ്യാനാവശ്യമായ തുക ഇപ്പോള്‍ സര്‍ക്കാരാണ് വഹിക്കുന്നത്. ഇതു കിഴിച്ച് നഷ്ടം കൂടാതെ സര്‍വീസ് നടത്താന്‍ കിലോമീറ്ററിന് കിട്ടേണ്ട മിനിമം വരുമാനമാണ് 25 രൂപ. ഈ തുക കിട്ടാത്ത സര്‍വീസുകള്‍ പുനഃക്രമീകരിക്കാനാണ് തീരുമാനം.
ഇപ്പോള്‍ കെ.എസ്.ആര്.ടി.സി.യുടെ പ്രതിദിന വരുമാനം മുന്‍മാസങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ചിലദിവസങ്ങളില്‍ കളക്ഷന്‍ 1.75 കോടി രൂപ വരെ എത്താറുണ്ട്. കൂടുതല്‍ സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസുകളും ആരംഭിക്കാനാണ് തീരുമാനം.
ബസുകള്‍ തമ്മില്‍ സമയത്തില്‍ നിശ്ചിത ഇടവേള ഉറപ്പാക്കാനും ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ സര്‍വീസുകള്‍ക്കിടയില്‍ വേണ്ടത്ര സമയ ഇടവേളയില്ലാതെ വന്നാല്‍ സ്റ്റേഷന് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഇത് ഉറപ്പാക്കണം.
കെ.എസ്.ആര്.ടി.സി. ബസുകളില്‍ ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് നടപ്പാകുന്നതോടെ സ്റ്റേഷന് ഉദ്യോഗസ്ഥര്‍ക്കും ബസ് ജീവനക്കാര്‍ക്കും സര്‍വീസുകള്‍ തമ്മിലുള്ള ഇടവേള ഉറപ്പിക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.
Content Highlights; KSRTC Wants To Ensure Minimum Income From Its Service
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..