വിനോദയാത്ര നടത്തി ഹിറ്റാക്കിയ മലപ്പുറം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്ന് മറ്റൊരു പദ്ധതി കൂടി വരുന്നു. രാത്രിയില്‍ ചങ്കുവെട്ടിയില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ദീര്‍ഘദൂരയാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ വിശ്രമബസുകള്‍ ഒരുക്കുന്ന പദ്ധതിയാണിത്. മലപ്പുറത്തുനിന്നുള്ള രാത്രിയാത്രക്കാരെ ചങ്കുവെട്ടിയിലേക്ക് സൗജന്യമായി എത്തിക്കുകയും ചെയ്യും. 

കാത്തിരിപ്പുകേന്ദ്രമായി ഉപയോഗിക്കാന്‍ രണ്ടു ലോഫ്‌ളോര്‍ ബസുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഈ ബൈപ്പാസ് സ്റ്റേഷന്‍ ബസുകള്‍ മലപ്പുറം ഡിപ്പോയില്‍ എത്തിക്കഴിഞ്ഞു. സംഭവം യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ്. മലപ്പുറത്തുനിന്ന് രാത്രിസമയത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ കുറവാണ്. അതിനാല്‍ ചങ്കുവെട്ടിയിലെത്തി ബസ് പിടിക്കണം. ഇതിനായി ചങ്കുവെട്ടി വരെ ഓട്ടോറിക്ഷയോ മറ്റു വണ്ടികളോ വിളിക്കണം. 

പദ്ധതിയിലൂടെ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ ചങ്കുവെട്ടിയില്‍ എത്തിച്ചുനല്‍കും. അവിടെ തെക്ക്, വടക്ക് ഭാഗങ്ങളിലുള്ള കാത്തിരിപ്പുകേന്ദ്രങ്ങളില്‍ ലോഫ്‌ളോര്‍ ബസുകള്‍ നില്‍പ്പുണ്ടാകും. ബുക്ക് ചെയ്ത ബസ് വരുന്നതുവരെ ലോഫ്‌ളോറില്‍ വിശ്രമിക്കാം. ബസില്‍ വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.

നിലവില്‍ ചങ്കുവെട്ടിയില്‍നിന്ന് കയറുന്നവര്‍ക്ക് മലപ്പുറത്തുനിന്ന് ബുക്ക് ചെയ്യാനുള്ള സൗകര്യമില്ല. പദ്ധതി വന്നാല്‍ ചങ്കുവെട്ടിയെ ആശ്രയിക്കുന്നവര്‍ക്കും മലപ്പുറത്തുനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. രാത്രി സഹായപദ്ധതി എന്ന് ആരംഭിക്കുമെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല.

Content Highlights: KSRTC waiting bus, KSRTC make Two Buses Into Rest Bus, KSRTC Buses