കെ.എസ്.ആർ.ടി.സി. എ.സി ലോഫ്ളോർ ബസുകളിൽ പരീക്ഷണാർഥം സെമി സ്ലീപ്പർ മാതൃകയിൽ ഉള്ള പുഷ്ബാക്ക് സീറ്റുകൾ ഘടിപ്പിച്ചപ്പോൾ | ഫോട്ടോ: മാതൃഭൂമി
സിറ്റി സര്‍വീസിനായി 2009-13, 2015-16 കാലഘട്ടത്തില്‍ ജന്റം സ്കീമില്‍ കെ.എസ്.ആര്.ടി.സി. വാങ്ങിയ വോള്‍വോ ലോ ഫ്ളോര്‍ എ.സി. ബസുകളിലെ ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സുഖപ്രദമാക്കുന്നതിനായി സെമി സ്ലീപ്പര്‍ മാതൃകയിലുള്ള പുഷ്ബാക്ക് സീറ്റുകളിലേക്ക് (റിക്ലൈനിങ്ങ് സീറ്റ്) മാറ്റുന്നു. JN470, JN505 എന്നീ രണ്ട് ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള സീറ്റുകള്‍ നല്കി കഴിഞ്ഞു. ഈ ബസുകള്‍ ഒരു മാസം തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് കെ.എസ്.ആര്.ടി.സി. അറിയിച്ചു.
ഒരു മാസത്തെ പരീക്ഷണയോട്ടത്തിന് ശേഷം യാത്രക്കാരുടെയും ജീവനക്കാരുടെയും അഭിപ്രായം ലഭ്യമായ ശേഷം അനുകൂല പ്രതികരണമാണെങ്കില്‍ 180 വോള്‍വോ ലോഫ്ളോര്‍ എ.സി. ബസുകളിലും ഇത്തരം സീറ്റുകള്‍ നല്കി ദീര്‍ഘദൂര സര്‍വീസ് നടത്താനാണ് വകുപ്പ് പദ്ധതിയിടുന്നത്. ഇത്തരത്തില്‍ ഒരു വോള്‍വോ ബസില്‍ ഇത്തരം പുഷ്ബാക്ക് സീറ്റ് നല്‍കുന്നതിനായി 3.14 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കെ.എസ്.ആര്.ടി.സി. അറിയിച്ചിരിക്കുന്നത്.
2009-13 കാലഘട്ടത്തില്‍ 80-ഉം 2015-16 കാലഘട്ടത്തില്‍ 110 വോള്‍വോ ലോഫ്ളോര്‍ എ.സി. ബസുകളാണ് ലഭിച്ചത്. ഈ ബസുകള്‍ക്ക് ഒരു ലിറ്റര്‍ ഡീസലിന് ശരാശരി രണ്ടര കിലോമീറ്റര്‍ മൈലേജാണ് ലഭിക്കുന്നത്. എന്നാല്‍, സിറ്റിയിലെ ഓട്ടത്തില്‍ ഇത് വീണ്ടും കുറയുകയും ചെയ്യും. സിറ്റി സര്‍വീസുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ബസ് കേരളത്തില്‍ ആദ്യം കൊച്ചിയിലാണ് എത്തിയത്. എന്നാല്‍, ഇത് വിജയകരമാകാത്തതിനെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസിനുള്ള ചില് ബസായി ഉപയോഗിക്കുകയായിരുന്നു.
ഇതോടെ സീറ്റുകള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമല്ലെന്നുള്ള യാത്രക്കാരുടെ പരാതികള്‍ നിരന്തരം ഉയരുകയായിരുന്നു. സാധാരണ ബസുകളിലെ സീറ്റുകള്‍ ഈ ബസുകളില്‍ ഘടിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ പ്രത്യേക സീറ്റുകള്‍ ഘടിപ്പിക്കാന്‍ ടെന്‍ഡര്‍ വിളിക്കുകയും രണ്ട് ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സീറ്റുകള്‍ നല്‍കുകയുമായിരുന്നു. ഇങ്ങനെ ഘടിപ്പിച്ച ബസുകളുടെ പരീക്ഷണയോട്ടമാണ് നിലവില്‍ ആരംഭിച്ചിരിക്കുന്നത്.
ഇപ്പോള്‍ ബൈപ്പാസ് റൈഡറായും അല്ലാതെയും ഈ ബസുകള്‍ കേരളത്തിലുടനീളം സര്‍വീസ് നടത്തുന്നുണ്ട്. അടുത്തിടെ ബസ് ചാര്‍ജില്‍ നടത്തിയ ഫെയര്‍ റിവിഷനില്‍ എ.സി. ലോ ഫ്ളോര്‍ ബസുകളുടെ നിരക്ക് കുറയ്ക്കുകയും ചെയ്തതിനാല്‍ മള്‍ട്ടി ആക്സില്‍/ ഡീലക്സ് എ.സി. ബസുകളെക്കാള്‍ നിരക്ക് കുറവും, നോണ്‍ എ.സി. ഡീലക്സ് ബസുകളെക്കാള്‍ നിരക്ക് കൂടുതലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ എറണാകുളം വഴി 791 രൂപയും കോട്ടയം വഴി 769 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്.
ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ എത്തിയത് മുതല്‍ വലിയ സ്വീകാര്യതയാണ് ഈ ബസിന് യാത്രക്കാരില്‍ നിന്ന് ലഭിച്ചിരുന്നത്. ഇതിനുപുറമെ, ഈ ബസുകളില്‍ നല്‍കിയിട്ടുള്ള മികച്ച എന്ജിന് ആയതിനാല്‍ അറ്റകുറ്റ പണികള്‍ വരാനുള്ള സാധ്യത കുറവാണ്. ഡ്രൈവിങ്ങ് സുരക്ഷിതത്വവും ഏറ്റവും മികച്ച യാത്രയും ലഭിത്തുന്നതിനാല് തന്നെ യാത്രക്കാരുടെ ജനപ്രിയ എ.സി. ബസാകാന് ഇതിനായി. ഇനി സീറ്റുകള്‍ കൂടി മികച്ചതാകുന്നതോടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കെ.എസ്.ആര്.ടി.സിയുടെ പ്രതീക്ഷ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..