ട്രാഫിക് നിയമ ലംഘനകളുടെ പേരില്‍ വരുന്ന പിഴ കാരണക്കാര്‍തന്നെ തീര്‍പ്പാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി. പിഴയടയ്ക്കല്‍ വൈകുന്നതിനാല്‍ മിക്ക കെ.എസ്.ആര്‍.ടി.സി. ബസുകളും മോട്ടോര്‍ വാഹന വകുപ്പിന്റെ ബ്ലാക്ക് ലിസ്റ്റില്‍ പെടുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. 

ബ്ലാക്ക് ലിസ്റ്റില്‍ വരുന്നതോടെ ബസിന്റെ ഫിറ്റ്നസ് പുതുക്കാനാവില്ല. ഇതോടെ സര്‍വീസ് മുടങ്ങുകയും വരുമാനം കുറയുകയും ചെയ്യും. പിഴയടിച്ചാല്‍ യൂണിറ്റ് തലത്തിലോ കാരണക്കാരായ ഉദ്യോഗസ്ഥരോ ഒടുക്കണമെന്നാണ് പുതിയ നിര്‍ദേശം. പിന്നീട് തുക കെ.എസ്.ആര്‍.ടി.സി. നല്‍കുമെന്നാണ് പറയുന്നത്.

മോട്ടോര്‍ വാഹന വകുപ്പ് ചുമത്തുന്ന പിഴയൊടുക്കുന്നതിനായി യൂണിറ്റുകളില്‍ നിന്നും ഫണ്ട് ആവശ്യപ്പെട്ട് ചീഫ് ഓഫീസിലേക്ക് കത്ത് അയയ്ക്കുമെങ്കിലും അത് അനുവദിച്ച് വരാന്‍ വൈകും. ഇതേ തുടര്‍ന്നാണ് ബസുകള്‍ ബ്ലാക്ക് ലിസ്റ്റില്‍പ്പെടുന്നത്.

ഉദ്യോഗസ്ഥര്‍ പിഴ അടയ്ക്കാന്‍ വിമുഖത കാണിച്ചാല്‍ ഉത്തരവാദിയില്‍ നിന്ന് പിഴ ഈടാക്കാനുള്ള നടപടി സ്വീകരിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴയൊടുക്കിയ ശേഷം ചീഫ് ഓഫീസില്‍ നിന്ന് തുക ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഇങ്ങനെ പണം ലഭിക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ പിഴയടയ്ക്കാന്‍ പല ജീവനക്കാരും മടിക്കുകയാണ്.

Content Highlights: KSRTC Traffic Rule Violation; For The Time Being The Culprits Pay The Penalty