പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
സ്വകാര്യബസുകള്‍ വാടകയ്ക്കെടുത്ത് ഓടിക്കാന്‍ കെ.എസ്.ആര്.ടി.സി. ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ എ.സി. ബസുകള്‍ ഉള്‍പ്പെടെ 250 വണ്ടികളാണ് വാടകയ്ക്കെടുക്കുന്നത്. വണ്ടികളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഗണ്യമായ തുകയാണ് കെ.എസ്.ആര്.ടി.സി. ചെലവഴിക്കുന്നത്. ഇത് ഒഴിവാക്കാനാണ് ബസുകള്‍ വാടകയ്ക്കെടുക്കുന്നത്.
രണ്ടുകമ്പനികളുമായി ധാരണ
ബസുകള്‍ വാടകയ്ക്കെടുക്കുന്നതു സംബന്ധിച്ച് നിലവില്‍ രണ്ടു കമ്പനികളുമായി കെ.എസ്.ആര്.ടി.സി. ധാരണയിലായി. െബംഗളൂരു ആസ്ഥാനമായ ഗംഗ ട്രാന്‍സ്പോര്‍ട്ട്, മുംബൈ ആസ്ഥാനമായ ഓട്ടോ ഫ്രൂസ് ട്രാവല്‍ സൊലുഷന് എന്നീ കമ്പനികളുമായാണ് ധാരണാപത്രം ഒപ്പിട്ടത്.
ഇരുകമ്പനികളില്‍നിന്നും 20 എ.സി. സ്കാനിയ ബസുകളും 10 നോണ്‍ എ.സി. സ്ലീപ്പര്ബസുകളും 10 സാധാരണ ബസുകളുമാണ് വാടകയ്ക്കെടുക്കുന്നത്. നോണ്‍ എ.സി. ബസുകള്‍ക്ക് കിലോമീറ്ററിന് 13 രൂപയാണ് വാടക. ബാക്കി ബസുകള്‍ മറ്റു കമ്പനികളില്‍നിന്ന് വാങ്ങാനുള്ള ടെന്‍ഡര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
രണ്ടുവര്‍ഷത്തേക്കാണ് കരാര്‍. കണ്ടക്ടര്‍, ഡ്രൈവര്‍, ഇന്ധനം എന്നിവ കെ.എസ്.ആര്.ടി.സി. നല്‍കും. അറ്റകുറ്റപ്പണികള്‍, നികുതി ഉള്‍പ്പെടെയുള്ള ചെലവുകള്‍ സ്വകാര്യകമ്പനികളാവും നോക്കുക.
ലക്ഷ്യം നഷ്ടംകുറയ്ക്കല്‍
നിലവില്‍ ഒരു ഷെഡ്യൂള്‍ സര്‍വീസ് പൂര്‍ത്തിയാക്കുമ്പോള്‍ ഒരുബസിന് 1000-1200 രൂപയുടെ അറ്റകുറ്റപ്പണി വരുന്നുണ്ട്. കൂടാതെ, നികുതിയിനത്തിലും ഗണ്യമായ തുക ചെലവഴിക്കുന്നുണ്ട്. നിലവില്‍ കെ.എസ്.ആര്.ടി.സി.യുടെ 894 ബസുകള്‍ കാലഹരണപ്പെട്ടതാണ്. ഇതിനെത്തുടര്‍ന്ന് 700 ബസുകള്‍ പുതുതായി വാങ്ങാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍, പുതിയ ബസുകള്‍ വാങ്ങുന്നത് കൂടുതല്‍ സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് സ്വകാര്യബസുകള്‍ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ ഈ സംവിധാനം നേരത്തെ നടപ്പാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ വന്ലാഭകരമാണ് ഈ പദ്ധതിയെന്ന് കെ.എസ്.ആര്.ടി.സി. അധികൃതര്‍ പറയുന്നു.
Content Highlights: KSRTC took private bus in lease for long route services, KSRTC, Private Buses
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..