ഗ്രാമവണ്ടിയെന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്രദേശങ്ങളിലേക്ക് ബസുകള്‍ ഓടിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡീസല്‍ ചെലവ് വഹിക്കും. ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണി ചെലവ് തുടങ്ങിയവ കെ.എസ്.ആര്‍.ടി.സി. വഹിക്കും. ഉള്‍പ്രദേശങ്ങളിലേക്കുള്ള സര്‍വീസുകള്‍ നഷ്ടമുണ്ടാക്കുന്നതിനെ തുടര്‍ന്നാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. 

ഗതാഗതവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലാഭകരമായ റൂട്ടില്‍ മാത്രം ബസോടിക്കുക എന്നത് പ്രാവര്‍ത്തികമല്ല. സാമൂഹിക പ്രതിബദ്ധതകൂടി കണക്കിലെടുത്ത് സര്‍വീസ് നടത്തേണ്ടിവരും. ഇത്തരത്തിലുണ്ടാകുന്ന നഷ്ടം നികത്താനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടുന്നത്.

ഗ്രാമീണമേഖലകളില്‍ ബസുകള്‍ എത്തിപ്പെടാത്ത നിരവധി സ്ഥലങ്ങളുണ്ട്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷനുകള്‍ എന്നിവയ്ക്ക് ബസ് ഓടിക്കേണ്ട റൂട്ടുകള്‍ നിശ്ചയിക്കാം. ഗ്രാമീണറോഡുകളിലൂടെ ഓടിക്കാന്‍ കഴിയുന്ന 25, 32 സീറ്റ് ബസുകള്‍ ഇതിനായി വാങ്ങും. തിരുവനന്തപുരം നഗരത്തില്‍ ഏഴ് സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ ചിങ്ങം ഒന്നു മുതല്‍ ഓടിത്തുടങ്ങും. 

88 ബസുകള്‍ ഇതിനായി സജ്ജീകരിച്ചു. 50 രൂപ ടിക്കറ്റില്‍ 20 മണിക്കൂര്‍ യാത്രചെയ്യാനാകും. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കുള്ള പ്രത്യേക സമുദ്ര ബസുകളും ഉടന്‍ നിരത്തിലിറങ്ങും. കെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം കാലങ്ങളായി ഒപ്പമുള്ളതാണ്. ഇത് ഒറ്റയടിക്ക് ഒഴിവാക്കാനാകില്ല. കോവിഡിനെത്തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞത് വന്‍ പ്രതിസന്ധിയാണുണ്ടാക്കിയിട്ടുള്ളത്. പൊതുഗതാഗതം ഒന്നാകെ പ്രതിസന്ധിയിലാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ 4608 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയത്. 

2020-21 കാലഘട്ടത്തില്‍ 1747.58 കോടി രൂപയും നല്‍കി. അടുത്ത മാര്‍ച്ചുവരെ പെന്‍ഷന്‍ മുടങ്ങാതെ നല്‍കാന്‍ സഹകരണ ബാങ്കുകളുമായി കരാര്‍ ഒപ്പിട്ടു. 3000 ബസുകള്‍ മൂന്നുവര്‍ഷം കൊണ്ട് സി.എന്‍.ജി.യിലേക്കു മാറ്റും. 300 കോടി രൂപയാണ് ഇതിനുവേണ്ടത്. വര്‍ഷം 500 കോടി രൂപ ഡീസല്‍ ചെലവില്‍ ലാഭിക്കാനാകും. ചെലവ് കുറച്ചും വൈവിധ്യവത്കരണത്തിലൂടെ സ്ഥാപനത്തിന്റെ നഷ്ടം കുറയ്ക്കുകയുമാണ് ലക്ഷ്യം- മന്ത്രി പറഞ്ഞു.

Content Highlights: KSRTC To Introduce Grama Vadi For Remote Village Service