പുകതുപ്പുന്ന ഡീസല്‍ ബസുകളില്‍ 'ശസ്ത്രക്രിയ' നടത്തി പരിസ്ഥിതി സൗഹൃദഇന്ധനങ്ങളിലേക്കു മാറ്റാന്‍ കെ.എസ്.ആര്‍.ടി.സി. ഒരുങ്ങുന്നു. നിലവിലെ 60 ശതമാനം ബസുകളില്‍ സി.എന്‍.ജി, എല്‍.എന്‍.ജി. കിറ്റുകള്‍ ഘടിപ്പിക്കും. ആദ്യപടിയായി അഞ്ചുബസുകളില്‍ സി.എന്‍.ജി.യും 400 ബസുകളില്‍ എല്‍.എന്‍.ജി. കിറ്റുകളും പിടിപ്പിക്കും. ഇതിനായി ടെന്‍ഡര്‍ വിളിച്ചു.

നിലവിലെ ഡീസല്‍ എന്‍ജിനുകളിലെ ഇന്ധനമാറ്റത്തിനു കാര്യമായ അഴിച്ചുപണി വേണ്ടിവരും. ഫ്യൂല്‍ ഇന്‍ജക്ടറുകള്‍, എന്‍ജിന്‍ പിസ്റ്റണുകള്‍, കൂളിങ് സിസ്റ്റം എന്നിവയെല്ലാം മാറ്റണം. ഒരു ബസിനു അഞ്ചുലക്ഷം രൂപയോളം വേണം. സുരക്ഷിതമാണെന്ന് കേന്ദ്ര ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയ കിറ്റുകളാണ് ഘടിപ്പിക്കേണ്ടത്. ഇതിന്റെ പരിപാലനച്ചുമതലയും കരാര്‍ ഏറ്റെടുക്കുന്ന കമ്പനിക്ക് നല്‍കും.

കെ.എസ്.ആര്‍.ടി.സിക്ക് ഒരു ഫാക്ടറിനിര്‍മിത സി.എന്‍.ജി. ബസുണ്ട്. വന്‍ മുതല്‍മുടക്ക് വേണ്ടിവരുമെന്നതില്‍ പുതിയ ബസുകള്‍ വാങ്ങുന്നതിനുപകരം നിലവിലുള്ളവ സി.എന്‍.ജി.യിലേക്ക് മാറ്റാനാണു തീരുമാനം. സി.എന്‍.ജി. മൊത്തവിതരണകേന്ദ്രം ആനയറയില്‍ തുടങ്ങുന്നുണ്ട്. ഇവിടെനിന്നാകും മറ്റു സ്ഥലങ്ങളിലേക്കുള്ള ഇന്ധനവിതരണം.

നേട്ടം

  • മലിനീകരണം കുറയ്ക്കാം. പഴയതലമുറ ഭാരത് സ്റ്റേജ് 3, 4 നിലവാരത്തിലെ ബസുകള്‍ പ്രകൃതിവാതകത്തിലേക്കു മാറ്റുമ്പോള്‍ മലിനീകരണത്തോതു പുതിയവാഹനങ്ങള്‍ക്കു തുല്യമായി കുറയ്ക്കാം.
  • സാമ്പത്തിക ലാഭം. ഡീസലിനെക്കാള്‍ 28 രൂപയോളം സി.എന്‍.ജി.ക്ക് വിലക്കുറവുണ്ട്.

പരിമിതി

  • ആദ്യം വാങ്ങിയ സി.എന്‍.ജി. ബസില്‍ അധിക ടാങ്കുകള്‍ ഘടിപ്പിച്ചാണ് ദീര്‍ഘദൂര യാത്രയ്ക്കുപയോഗിക്കുന്നത്. ഒരു ഡീസല്‍ ടാങ്ക് ഉപയോഗിച്ചിരുന്നിടത്ത് ആറു സി.എന്‍.ജി. ടാങ്കുകള്‍വരെ ഘടിപ്പിക്കേണ്ടിവരും.
  • ഡീസല്‍ എന്‍ജിനുകള്‍ക്ക് 12 ലക്ഷം കിലോമീറ്റര്‍വരെ ആയുസ്സുള്ളപ്പോള്‍ സി.എന്‍.ജി.ക്ക് നാലുലക്ഷം കിലോമീറ്ററില്‍ താഴെയാണ് 
  • സി.എന്‍.ജി. ബസുകള്‍ മലയോരപ്രദേശങ്ങള്‍ക്ക് അനുയോജ്യമല്ല. എന്നാല്‍ എല്‍.എന്‍.ജി.ക്ക് അത്തരമൊരു തടസ്സമില്ല. ഇന്ധനടാങ്കിനും ശേഷി കൂടുതലാണ്.

Content Highlights: KSRTC to get more CNG buses