കെ.എസ്.ആര്‍.ടി.സി.യുടെ എതിര്‍പ്പ് കാരണം പത്തനംതിട്ട ജില്ലയില്‍ക്കൂടിയുള്ള ആറ് റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് പുതുതായി പെര്‍മിറ്റ് കിട്ടാന്‍ സാധ്യതയില്ല. കരിമാന്‍തോട്-കൊല്ലം, മൂലക്കയം-കോഴഞ്ചേരി-മുണ്ടക്കയം, പാലാ-പത്തനംതിട്ട-ചിറ്റാര്‍ മാര്‍ക്കറ്റ്, കുടപ്പന-പത്തനംതിട്ട, കൊല്ലം-പത്തനംതിട്ട -കോരൂത്തോട്, തുലാപ്പള്ളി-പത്തനംതിട്ട എന്നീ റൂട്ടുകളിലാണ് പുതിയ പെര്‍മിറ്റിന് ശ്രമം നടന്നത്.

2009-ലെ ഗതാഗതനിയമം അനുസരിച്ച് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഓടുന്ന റൂട്ടുകളില്‍ അഞ്ച് കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സ്വകാര്യബസുകള്‍ക്ക് സര്‍വീസ് നടത്താന്‍കഴിയില്ല. പുതിയ പെര്‍മിറ്റിനായി അപേക്ഷവന്ന റൂട്ടുകളില്‍ ഈ ദൂരം മറികടന്നാണ് സ്വകാര്യബസുകള്‍ ഓടേണ്ടത്. 

ഈ റൂട്ടുകളിലെല്ലാം കെ.എസ്.ആര്‍.ടി.സി. സര്‍വീസുണ്ട്. ആര്‍.ടി.എ. ബോര്‍ഡില്‍ ഇത് ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി. ശക്തമായ എതിര്‍പ്പ് ഉന്നയിച്ചു. 2009-ന് മുന്‍പുള്ള പെര്‍മിറ്റുകള്‍ക്ക് ഈ നിയമം ബാധകമല്ല.

സര്‍ക്കാര്‍ നയമനുസരിച്ച് 140 കിലോമീറ്റര്‍ ദൂരംവരെ ഓടുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഏറ്റെടുക്കാനാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനപ്രകാരം പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുന്ന അഞ്ച് സ്വകാര്യബസുകള്‍ക്കുകൂടി പിന്‍വലിയേണ്ടിവരും.

Content Highlights: KSRTC Take Over, Private Bus May Lost Their Permit