കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും, യൂണിഫോമിലെത്തിയ ജീവനക്കാരും | ഫോട്ടോ: മാതൃഭൂമി
ദീര്‍ഘദൂര ബസുകള്‍ക്കായുള്ള പുതിയ കമ്പനിയായ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന്റെ ബസുകള്‍ തിങ്കളാഴ്ച മുതല്‍ നിരത്തിലിറങ്ങും. ആദ്യമായി എത്തിച്ച സ്ലീപ്പര്‍ ബസുകള്‍ക്ക് യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണമാണുള്ളത്. ഞായറാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍പ്രകാരം 60 ശതമാനം ടിക്കറ്റുകള്‍ ബുക്കിങ് ആയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ മടക്കയാത്ര ഉള്‍പ്പെടെ വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തത്കാല്‍, അഡീഷണല്‍ ടിക്കറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി.യുടെ ബുക്കിങ് വെബ്സൈറ്റായ www.online.keralartc.com-ല്‍ തന്നെയാണ് സ്വിഫ്റ്റിനുള്ള ബുക്കിങ്ങും സ്വീകരിക്കുന്നത്. സ്വിഫ്റ്റ് ബസുകള്‍ക്കെല്ലാം പ്രത്യേക പേര് നല്‍കിയിട്ടുണ്ട്. 325 കരാര്‍ ജീവനക്കാരെയാണ് സ്വിഫ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്. ഇവര്‍ക്ക് തൊപ്പിയുള്‍പ്പെടെ പ്രത്യേക യൂണിഫോം നല്‍കി. പീച്ച് കളര്‍ ഷര്‍ട്ടും, കറുത്ത പാന്റ്സും തൊപ്പിയുമാണ് വേഷം. തിങ്കളാഴ്ച വൈകീട്ട് 5.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ബെംഗളൂരുവില്‍നിന്നുള്ള മടക്കയാത്രയ്ക്ക് മന്ത്രി ആന്റണി രാജു പച്ചക്കൊടി കാണിക്കും.
കൈയടക്കുന്നത് കെ.എസ്.ആര്‍.ടി.സി.യുടെ റൂട്ടുകള്‍
ദീര്‍ഘദൂരബസുകള്‍ ഓടിക്കാന്‍ വേണ്ടി സ്വിഫ്റ്റ് എന്ന സ്വതന്ത്രകമ്പനിയും കരാര്‍ത്തൊഴിലാളികളും എത്തുമ്പോള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നഷ്ടമാകുന്നത് വരുമാനം നേടിത്തന്നിരുന്ന അന്തസ്സംസ്ഥാന പാതകള്‍. ഇവയ്ക്കായി പുതിയ റൂട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അനധികൃത സ്വകാര്യബസുകള്‍ കൈയടക്കിയിരുന്ന റൂട്ടുകള്‍ സ്വിഫ്റ്റിലൂടെ തിരിച്ചെടുക്കാമെന്നായിരുന്നു മാനേജ്മെന്റിന്റെ അവകാശവാദം. സ്വതന്ത്രകമ്പനിയായ സ്വിഫ്റ്റിന് കെ.എസ്.ആര്‍.ടി.സി.യിലെ ഡ്യൂട്ടി സംവിധാനവും നിയമവ്യവസ്ഥകളും ബാധകമല്ല.
സ്വകാര്യമേഖലയുമായി മത്സരിക്കാനും മികച്ച യാത്രാസൗകര്യം ഒരുക്കാനും കഴിയുമെന്ന് സ്വിഫ്റ്റ് മാനേജ്മെന്റ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത്തരമൊരു കടന്നുകയറ്റം ഇപ്പോള്‍ പ്രഖ്യാപിച്ച റൂട്ടുകളില്‍ ഇല്ല. കെ.എസ്.ആര്‍.ടി.സി.യുടെ റൂട്ടുകള്‍ സ്വിഫ്റ്റിന് കൈമാറുകമാത്രമാണുണ്ടായിട്ടുള്ളത്. സൂപ്പര്‍ ഫാസ്റ്റ്, ഡീലക്‌സ് തുടങ്ങിയ 1250-ഓളം സൂപ്പര്‍ക്ലാസ് സര്‍വീസുകളാണ് എക്കാലത്തും കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനം. ഇത് സ്വിഫ്റ്റിന് പോകുന്നതോടെ കോര്‍പ്പറേഷന്റെ വരുമാനം കുത്തനെ കുറയും. ഇപ്പോഴത്തെ റൂട്ടു കൈമാറ്റത്തിലൂടെ 750 ജീവനക്കാരുടെ തൊഴില്‍ നഷ്ടമാകും.
എ.സി.സ്ലീപ്പര്‍ ബസുകള്‍- നിരക്ക് ഇങ്ങനെ
തിരുവനന്തപുരം - ബെംഗളൂരു (നാഗര്‍കോവില്‍ വഴി) വൈകീട്ട് ആറ്.-1571 രൂപ
ബെംഗളൂരു - തിരുവനന്തപുരം വൈകീട്ട് ആറ്. -1728 രൂപ
തിരുവനന്തപുരം- ബെംഗളൂരു (കോയമ്പത്തൂര്‍ വഴി) വൈകീട്ട് 5.30.-1376 രൂപ (30 ശതമാനം ഇളവ്)
ബെംഗളൂരു - തിരുവനന്തപുരം വൈകീട്ട് അഞ്ച്. -2156 രൂപ
എറണാകുളം-ബെംഗളൂരു (സേലം വഴി) രാത്രി എട്ട്.- 988 രൂപ (30 ശതമാനം ഇളവ്)
ബെംഗളൂരു- എറണാകുളം രാത്രി എട്ട്.- 1552 രൂപ
എറണാകുളം - ബെംഗളൂരു രാത്രി ഒന്പത്.- 988 രൂപ
ബെംഗളൂരു-എറണാകുളം രാത്രി ഒന്പത്.- 1552 രൂപ
Content Highlights: KSRTC Swift bus service begins today, swift bus runs in KSRTC Routes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..