കോവിഡനന്തര അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍, ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ കോട്ടയം വൈക്കം എഴുമുക്ക് തുരുത്തില്‍ എന്‍.ജി. ബിജു(44) ദേശീയപാതയിലെ കരുവാറ്റ പവര്‍ഹൗസിന് സമീപമാണു കുഴഞ്ഞുവീണത്.

ബുധനാഴ്ച ഉച്ചയോടെയാണു സംഭവം. പാലക്കാട്ടുനിന്നു പാറശ്ശാലയിലേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ഓടിക്കുന്നതിനിടെയാണു കുഴഞ്ഞുവീണത്. പിന്നാലെവന്ന ബസില്‍ ബിജുവിനെ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചു. കോവിഡ്മാറിയശേഷവും ബിജുവിനു രൂക്ഷമായ തലവേദന അനുഭവപ്പെടുമായിരുന്നു. 

ഇതിന് എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈമാസം ആദ്യം പരിശോധനയ്ക്കു പോകേണ്ടതായിരുന്നു. എന്നാല്‍, ശമ്പളംകിട്ടാത്തതിനാല്‍ പോകാന്‍ കഴിഞ്ഞില്ലെന്നു ബിജു പറയുന്നു. ശമ്പളംകിട്ടിയശേഷം ചികിത്സതേടാമെന്ന പ്രതീക്ഷയില്‍ ജോലിയില്‍ തുടരുകയായിരുന്നു.

ബുദ്ധിമുട്ടുതോന്നിയപ്പോള്‍ വേഗംകുറച്ച് വണ്ടിവശത്തേക്കു മാറ്റിയെന്നും പിന്നീടൊന്നും ഓര്‍മയില്ലെന്നും ബിജു പറഞ്ഞു. ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവര്‍ ജി. പ്രദീപാണ് ബിജുവിനെ ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ വൈക്കത്തുനിന്നു ബന്ധുക്കളെത്തി ബിജുവിനെ വീട്ടിലേക്കുകൊണ്ടുപോയി.

Content Highlights: KSRTC superfast bus driver Fell down while driving, KSRTC salary delay, KSRTC Bus,