ടിക്കറ്റ് റിസര്‍വുചെയ്ത് പറഞ്ഞ സ്ഥലത്തു കാത്തുനിന്ന യാത്രക്കാരിയെ കയറ്റാനായി കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഡീലക്‌സ് ബസ് തിരിച്ചോടിയത് 60 കിലോമീറ്റര്‍. ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പള്ളി പനവേലില്‍ ഇനൂജയാണ് 'ആനവണ്ടി'യെ മുട്ടുകുത്തിച്ചത്. ഇനൂജ കെ.എസ്.ആര്‍.ടി.സി.യുടെ തിരുവനന്തപുരത്തെ ആസ്ഥാനത്തേക്കു പരാതിയുമായി വിളിച്ചതോടെയാണ് തിരികെപ്പോകാന്‍ ബസ് ജീവനക്കാര്‍ക്കു നിര്‍ദേശം കിട്ടിയത്. 

രണ്ടുമണിക്കൂറോളം വീണ്ടും കാത്തുനിന്ന ഇനൂജയ്ക്ക് ഒടുവില്‍ യാത്ര തരപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. എടപ്പാള്‍ കണ്ടനകം കെ.എസ്.ആര്‍.ടി.സി. വര്‍ക്ഷോപ്പിനടുത്തുള്ള സ്റ്റോപ്പിലാണ് ഇനൂജ കാത്തുനിന്നത്. കോഴിക്കോട് കെ.എം.സി.ടി. സ്‌കൂളിലെ അധ്യാപികയാണിവര്‍. വെള്ളിയാഴ്ച രാത്രി നാട്ടിലേക്കുപോകാനായി ഇനൂജ കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്തേക്കുപോകുന്ന സൂപ്പര്‍ ഡീലക്സ് ബസില്‍ ടിക്കറ്റ് റിസര്‍വ്‌ചെയ്തു.

ഏഴുമണിക്ക് കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന ബസ് 8.30-ന് എടപ്പാളിലെത്തുമെന്നു കണ്ടക്ടര്‍ പറഞ്ഞതനുസരിച്ച് ഇനൂജ എടപ്പാള്‍ കണ്ടനകം വര്‍ക്ഷോപ്പ് സ്റ്റോപ്പില്‍ ഏഴുമണിമുതല്‍ കാത്തുനിന്നു. ഇതിനിടെ പലവട്ടം കണ്ടക്ടറെ ഫോണില്‍ വിളിച്ച് കാത്തുനില്‍ക്കുന്ന കാര്യമറിയിച്ചു. ഇപ്പോഴെത്തുമെന്ന മറുപടിയും ലഭിച്ചു. എന്നാല്‍ സമയമേറെ കഴിഞ്ഞിട്ടും ബസ് കാണാത്തതിനെത്തുടര്‍ന്നു വീണ്ടും വിളിച്ചപ്പോള്‍ ബസ് എടപ്പാള്‍ വിട്ടെന്നും ഉടന്‍ ഓട്ടോറിക്ഷ വിളിച്ചു ചെല്ലണമെന്നും കണ്ടക്ടര്‍ പറഞ്ഞു.

ബസ് അപ്പോളെത്തിയ സ്ഥലമേതെന്നതിനു കൃത്യമായ മറുപടിപോലും കണ്ടക്ടര്‍ക്കു നല്‍കാനായില്ല. ഇതോടെ യാത്രക്കാരി ചങ്ങരംകുളം, പൊന്നാനി പോലീസ് സ്റ്റേഷനുകളിലും കെ.എസ്.ആര്‍.ടി.സി.യുടെ തിരുവനന്തപുരം ഓഫീസിലും വിളിച്ചു വിവരമറിയിച്ചു. തുടര്‍ന്ന് ബസ് രാത്രി പത്തരയോടെ എടപ്പാളില്‍ തിരിച്ചെത്തി ഇനൂജയെ കയറ്റിപ്പോയി.

Content Highlights: KSRTC Super Deluxe Bus, KSRTC Passenger, Ticket Reservation