കെ.എസ്.ആര്‍.ടി.സി. ബസ്സുകളിലെ സ്ഥിരം യാത്രക്കാരുടെ സൗകര്യാര്‍ഥം തുടങ്ങിയ ബോണ്ട് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. പഴയ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കടകളാക്കി മാറ്റി വരുമാനമുണ്ടാക്കുന്ന ഷോപ്പ് ഓണ്‍ വീല്‍സ് ഓരോ യൂണിറ്റിലും ആരംഭിക്കാനും തീരുമാനമായി.

കെ.എസ്.ആര്‍.ടി.സി.യുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദക്ഷിണമേഖലാ എക്‌സിക്യുട്ടീവ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു വിവിധ പരിഷ്‌കാരങ്ങളെ സംബന്ധിച്ചു തീരുമാനമായത്. ടിക്കറ്റിതരവരുമാനം വര്‍ധിപ്പിക്കുന്നതിനും സര്‍വീസ് ഓപ്പറേഷന്‍ കാര്യമാക്കുന്നതിനുമാണു പുതിയ തീരുമാനങ്ങള്‍.

ഇരുചക്രവാഹനയാത്രക്കാരെ കെ.എസ്.ആര്‍.ടി.സി. ബസ്സുകളിേലക്ക് ആകര്‍ഷിക്കുന്നതിന് ബോണ്ട് സര്‍വീസുകള്‍ പരമാവധി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. അതിനായി ഇരുചക്രവാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ യൂണിറ്റുകളില്‍ ക്രമീകരണമുണ്ടാക്കണം. ബോണ്ട് സര്‍വീസ് ആരംഭിച്ചപ്പോള്‍ ഏറെ ജനകീയമായിരുന്നെങ്കിലും കോവിഡിനെത്തുടര്‍ന്ന് സര്‍വീസ് നിലച്ചിരുന്നു.

നിലച്ചുപോയിരുന്ന ചെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കും. അവധി ദിവസങ്ങള്‍ ഒഴികെയുള്ള തിങ്കള്‍, വെള്ളി, ശനി ദിവസങ്ങളില്‍ പരാമവധി ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യും. മറ്റു ദിവസങ്ങളില്‍ തിരക്കു പരിഗണിച്ചായിരിക്കും ഷെഡ്യൂളുകള്‍ ക്രമീകരിക്കുന്നത്. സര്‍വീസിനു കൊടുക്കുന്ന ബസ്സുകള്‍ കഴുകി വൃത്തിയാക്കിയവയാണെന്നും ഓട്ടത്തിനു യോഗ്യമാണെന്നും വെഹിക്കിള്‍ സുപ്പര്‍വൈസര്‍ ഉറപ്പുവരുത്തണമെന്നു നിര്‍ദേശമുണ്ട്.

ബസ്സുകളില്‍ പരസ്യം പതിക്കുന്നതിനു താത്പര്യമുള്ള വ്യക്തികള്‍, ഏജന്‍സികള്‍ എന്നിവരെ ക്യാന്‍വാസ് ചെയ്തു നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. യൂണിറ്റുതലത്തില്‍ നടപ്പാക്കിയതും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ഒരാഴ്ചയ്ക്കകം രേഖാമൂലം സമര്‍പ്പിക്കണമെന്നു ദക്ഷിണമേഖലാ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.

Content Highlights: KSRTC Starts Shop On Wheels In Every Units, Increases The Bond Service