പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഒരുവര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്.ടി.സി. സംസ്ഥാനത്തെ ഏറ്റവും വലിയ പെട്രോള്‍-ഡീസല്‍ പമ്പ് ശൃംഖലയുടെ ഉടമയാകും. കോര്പ്പറേഷന് നേരിട്ടു നടത്തുന്ന 'യാത്രാ ഫ്യൂവല്‍സ്' പമ്പുകളുടെ എണ്ണം 12-ല്‍നിന്ന് 40 ആക്കാനാണ് നീക്കം. ഡിപ്പോകള്ക്കുള്ളിലുള്ള പമ്പുകള്‍ പൊതുജനങ്ങള്‍ക്കുകൂടി സൗകര്യപ്രദമാകുംവിധം പുറത്തേക്കുമാറ്റും. ഭൂവുടമസ്ഥാവകാശ രേഖകള്‍ ഇല്ലാത്തതിന്റെപേരില്‍ റവന്യൂവകുപ്പ് ഉന്നയിച്ച തര്‍ക്കം സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിച്ചതോടെയാണ് പദ്ധതിക്ക് പുതുജീവന്‍ വെച്ചത്.
പമ്പുകള്‍ പുറത്തേക്കുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് റവന്യൂവകുപ്പിന്റെ സമ്മതം ആവശ്യമായി വന്നത്. കളക്ടറുടെ നിരാക്ഷേപപത്രം ഉണ്ടെങ്കിലേ അനുമതി ലഭിക്കുകയുള്ളൂ. നിലവില്‍ പല ഡിപ്പോകളും പമ്പുകളും പ്രവര്‍ത്തിക്കുന്ന ഭൂമിയുടെ കൈവശാവകാശം മാത്രമാണ് കോര്‍പ്പറേഷനുള്ളത്. സര്‍ക്കാര്‍ പാട്ടഭൂമിയും പുറമ്പോക്കുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചെങ്കിലും പമ്പ് നടത്തിപ്പ് കെ.എസ്.ആര്.ടി.സി.യുടെ കൈവശം നിലനിര്‍ത്തണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ റവന്യൂവകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ 69-ഉം എച്ച്.പി.യുടെ നാലും ബി.പി.സി.എലിന്റെ ഒരു പമ്പുമാണ് കെ.എസ്.ആര്.ടി.സി.ക്കുള്ളത്. തിരുവനന്തപുരം സിറ്റി, കിളിമാനൂര്‍, ചടയമംഗലം, ചേര്‍ത്തല, മൂന്നാര്‍, ചാലക്കുടി, മൂവാറ്റുപുഴ, കോഴിക്കോട്, ഗുരുവായൂര്‍, തൃശ്ശൂര്‍, പറവൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഇന്ധനംനല്കുന്ന 'യാത്രാ ഫ്യൂവല്‍സ്' ആരംഭിച്ചിട്ടുള്ളത്.
28 സ്ഥലങ്ങളിലെ പമ്പുകള്‍കൂടി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് തീരുമാനം. ടിക്കറ്റിതരവരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പമ്പുകള്‍ തുടങ്ങുന്നത്. വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍വില കൂട്ടിയതിനാല്‍ ഇവിടെനിന്നാണ് ഇപ്പോള്‍ കെ.എസ്.ആര്.ടി.സി. ബസുകളും ഇന്ധനം നിറയ്ക്കുന്നത്. അധികമുള്ള ജീവനക്കാരെയാണ് ഇവിടങ്ങളില്‍ നിയോഗിച്ചിട്ടുള്ളത്.
Content Highlights: ksrtc starts 40 more petrol pumps across kerala, KSRTC Yathra Fuels, KSRTC Bus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..