തിരുവനന്തപുരം: ബസുകളുടെ യാത്രാവിവരം സംബന്ധിച്ച യാത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കാന്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. കോര്‍പ്പറേഷന്റെ ഫെയ്‌സ് ബുക്ക്, വാട്സാപ്പ് അക്കൗണ്ടുകളാണ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണ കൗണ്ടറുകളായി മാറുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ രൂപവത്കരിച്ച സോഷ്യല്‍ മീഡിയ സെല്ലിനാണ് ഇതിന്റെ ചുമതല.

8129562972 എന്ന വാട്സാപ്പ് നമ്പറും www.facebook.com/keralastateroadtransportcorporation എന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജുമാണ് ഇതിനുള്ളത്. ദീര്‍ഘദൂര ബസുകളുടെ യാത്രാവിവരങ്ങള്‍, റിസര്‍വേഷന്‍ വിവരങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇതില്‍ മറുപടി ലഭിക്കും. യാത്രയ്ക്കിടെ ഉണ്ടാകുന്ന പരാതികള്‍ക്ക് പരിഹാരം കാണാനും കഴിയും. വിവരം ഉടന്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കു കൈമാറും. പരാതിയില്‍ ഉണ്ടാകുന്ന നടപടി സംബന്ധിച്ച് അന്വേഷണവുമുണ്ടാകും.

യാത്രക്കാരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് റൂട്ടുകള്‍ തയ്യാറാക്കാനും സോഷ്യല്‍മീഡിയ സെല്ലില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രയോജനപ്പെടുന്നുണ്ട്. പുതിയ റൂട്ടുകള്‍ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരം നല്‍കുക, നിലവിലെ പോരായ്മകള്‍ ആരായുക എന്നിവയും സെല്ലിന്റെ ചുമതലയാണ്.

പുതിയ ചെയിന്‍ സര്‍വീസുകള്‍, കര്‍ക്കടക സ്‌പെഷ്യല്‍ ബസുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും ഫെയ്‌സ്ബുക്ക് പേജിലുണ്ട്. സോഷ്യല്‍മീഡിയ സെല്ലില്‍ നിന്നുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട ട്രാഫിക്, ഓപ്പറേഷന്‍ വിഭാഗങ്ങള്‍ക്കും എം.ഡി.ക്കും അപ്പപ്പോള്‍ കൈമാറുന്നുണ്ട്.

കേരള പോലീസിന്റെ സൈബര്‍ വിഭാഗത്തില്‍നിന്നു പരിശീലനം ലഭിച്ച ജീവനക്കാരാണ് സെല്ലിലുള്ളത്. സ്ഥാപനത്തിന്റെ നന്മ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം തെറ്റായ വാര്‍ത്തകള്‍ പ്രതിരോധിക്കാനും ഇവര്‍ രംഗത്തുണ്ട്.

Content Highlights; ksrtc social media cell, ksrtc, ksrtc bus reservation details, ksrtc bus route, social media cell ksrtc