ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.) ഘടിപ്പിച്ച ബസുകള്‍ക്ക് വേഗപ്പൂട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. സര്‍ക്കാരിനെ സമീപിക്കും. ജി.പി.എസിലൂടെ വേഗം നിരീക്ഷിക്കാനും അമിതവേഗമെടുത്താല്‍ തടയാനും നടപടി എടുക്കാനുമാകും. കെ.എസ്.ആര്‍.ടി.സിയുടെയും മോട്ടോര്‍വാഹനവകുപ്പിന്റെയും കണ്‍ട്രോള്‍ റൂമുകളില്‍ ബസുകളുടെ റൂട്ട്, വേഗത ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ വിവരങ്ങള്‍ ജി.പി.എസിലൂടെ ലഭിക്കും.

നിലവില്‍ ഉപയോഗിക്കുന്ന വേഗപ്പൂട്ടുകള്‍ക്കെതിരേ ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ നീക്കം. വേഗപ്പൂട്ട് ഘടിപ്പിക്കുന്ന ബസുകള്‍ക്ക് സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. നിറയെ യാത്രക്കാരുമായി കയറ്റംകയറുമ്പോള്‍ ഇന്ധനവിതരണം തടസ്സപ്പെടുന്നതടക്കം പരാതികള്‍ ഏറെയാണ്. ഇതുകാരണം സ്വകാര്യബസുകാര്‍ വേഗപ്പൂട്ട് വേര്‍പെടുത്താറുണ്ട്. പൊതുമേഖലാ സ്ഥാപനമായതിനാല്‍ അത്തരമൊരുമാര്‍ഗം കെ.എസ്.ആര്‍.ടി.സിക്ക് സ്വീകരിക്കാനാകില്ല.

കെ.എസ്.ആര്‍.ടി.സിയുടെ 5500 ബസുകള്‍ക്കും ജി.പി.എസ് ഘടിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേന്ദ്ര നിയമപ്രകാരമാണ് ബസുകള്‍ ഉള്‍പ്പെട്ട സ്റ്റേജ്കാരേജ് വിഭാഗത്തിന് വേഗപ്പൂട്ടും ജി.പി.എസും നിര്‍ബന്ധമാക്കിയത്. കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി ഇളവുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടിവരും.

അതേസമയം നിയമലംഘനത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ ഒട്ടും പിന്നിലല്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് പറയുന്നുണ്ട്. നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ ഭൂരിഭാഗം നിയമലംഘനങ്ങള്‍ക്കും പിഴ ഒടുക്കിയിട്ടില്ല. ഡ്രൈവര്‍മാര്‍ പിഴ അടയ്ക്കുമെന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിക്കുന്നത്. ശമ്പളത്തില്‍നിന്ന് പിഴ ഈടാക്കാനുള്ള നടപടി മാനേജ്മെന്റ് ആരംഭിച്ചിരുന്നു. ഇതിനെതിരേ ഡ്രൈവര്‍മാരുടെ സംഘടനകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

Content Highlights: KSRTC Seeks Relaxation For Speed Governor