പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണംകൂടിയിട്ടും അതിന് അനുപാതമായി ബസോടിക്കാതെ കെ.എസ്.ആര്‍.ടി.സി. യാത്രക്കാരെ വലയ്ക്കുന്നു. ഇതോടെ, കെ.എസ്.ആര്‍.ടി.സി.യെ ആശ്രയിക്കുന്നവരുടെ നിത്യയാത്ര ദുരിതത്തിലായി. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതിനുശേഷം ആരംഭിച്ച ഷെഡ്യൂളുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി. ഇപ്പോഴും നടത്തുന്നത്.
ആദ്യഘട്ടത്തില്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ ആളുകള്‍ ഏറെ വിമുഖത കാട്ടിയിരുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ സ്ഥിരംയാത്രക്കാര്‍വരെ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍, കോവിഡ് ഭയം അകന്നതോടെ കൂടുതല്‍ ആളുകള്‍ വീണ്ടും പൊതുഗതാഗതത്തെ ആശ്രയിക്കാന്‍തുടങ്ങി. എന്നിട്ടും അതു കണ്ടറിഞ്ഞ് ബസുകള്‍ കൂട്ടാന്‍ കെ.എസ്.ആര്‍.ടി.സി. തയ്യാറായിട്ടില്ല.
ആദ്യഘട്ടത്തില്‍ വന്‍ നഷ്ടത്തിലാണ് സര്‍വീസ് നടത്തിയിരുന്നത്. ആളില്ലാതെയായിരുന്നു പല സര്‍വീസുകളും. എന്നാലിപ്പോള്‍ യാത്രക്കാര്‍ കൂടി. വരുമാനം വര്‍ധിപ്പിക്കാനുള്ള സാഹചര്യമുണ്ടായിട്ടും കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നില്ലെന്നുള്ളതാണ് യാത്രക്കാരുടെ പരാതി.
വൈകീട്ട് ആറിനുശേഷമാണ് ബസുയാത്ര ദുരിതമാകുന്നത്. മണിക്കൂറുകള്‍ കാത്തുനിന്നാലേ ബസു കിട്ടൂ. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുകയുമില്ല. അവസാന ഷെഡ്യൂളില്‍മാത്രം ഒന്‍പതു യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാമെന്നാണ് കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെ സര്‍ക്കുലര്‍. വൈകുന്നേരങ്ങളില്‍ സ്റ്റാന്‍ഡുകളിലും മറ്റും തിങ്ങിക്കൂടുന്ന യാത്രക്കാരും ജീവനക്കാരും നിത്യവും വാക്കുതര്‍ക്കത്തിന്റെയും സംഘര്‍ഷത്തിന്റെയും വക്കിലാണ്.
ചില ഡിപ്പോകള്‍ കോവിഡിനു മുന്‍പത്തെപ്പോലെ മുഴുവന്‍ ഷെഡ്യൂളുകളും നടത്തുന്നുണ്ട്. എന്നാല്‍, ബസുകളും ജീവനക്കാരും ആവശ്യത്തിനുണ്ടായിട്ടും ചില ഡിപ്പോകളില്‍ ആവശ്യത്തിനു സര്‍വീസ് നടത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
Content Highlights: KSRTC Run Limited Buses After Lock Down